തദ്ദേശവാർഡ് വിഭജനം; ഡിജിറ്റൽ ഭൂപടമായി
പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന നടപടികൾ പൂർത്തിയായി
 
                                    തിരുവനന്തപുരം : പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന നടപടികൾ പൂർത്തിയായി. ഡിജിറ്റൽ ഭൂപടവും അതിർത്തികളെ സംബന്ധിച്ച വിശദമായ വിവരങ്ങളും നിർദ്ദിഷ്‌ട വാർഡിലെയും ജനസംഖ്യയും അടങ്ങുന്ന റിപ്പോർട്ട് രണ്ടു ദിവസത്തിനകം കലക്‌ടർമാർ ഡി ലിമിറ്റേഷൻ കമീഷന് സമർപ്പിക്കും. ചൊവ്വാഴ്‌ച റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കമീഷൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ കലക്‌ടർമാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ തിരുത്തലുകൾ വേണ്ടവയ്‌ക്ക് അതിനുള്ള സമയം കൂടി കണക്കാക്കിയാണ് സമയം നീട്ടിയത്.
പുതുക്കി നിർണയിച്ച വാർഡുകളുടെ അതിർത്തിയടക്കമുള്ളവയിൽ ഡി ലിമിറ്റേഷൻ കമീഷന്റെ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന്  പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് അതാത് ജില്ല കലക്‌ടർമാരാണ്. പഞ്ചായത്തിലെ നിലവിലെ അടിസ്ഥാന വിവരങ്ങൾ, പുതിയതായി രൂപരീകരിച്ച വാർഡുകളുടെ അതിർത്തികളും ജനസംഖ്യയും രേഖപ്പെടുത്തിയ പട്ടിക, കരട് ഡിജിറ്റൽ ഭൂപടത്തിന്റെ പ്രിന്റൗട്ട് തുടങ്ങിയ വിവരങ്ങളാണ് തദ്ദേശ സെക്രട്ടറിമാർ സമർപ്പിക്കുന്ന റിപ്പോർട്ടിലുള്ളത്. ഇത് പരിശോധിച്ച് വ്യക്‌തത വരുത്തിയാണ് കലക്‌ടർമാർ കമീഷന് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇത് പരിശോധിച്ച് ഡി ലിമിറ്റേഷൻ കമീഷൻ 16ന് കരട് വിഞ്ജാപനം പുറപ്പെടുവിക്കും. തദ്ദേശ സ്ഥാനങ്ങളിലും ഡി ലിമിറ്റേഷൻ കമീഷന്റെ വെബ്‌സൈറ്റിലും കരട് വിഞ്ജാപനം പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് നിശ്‌ചിത തുക ഒടുക്കിയാൽ കരട് വിജ്ഞാപനത്തിന്റെ പകർപ്പ് ലഭിക്കും.ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ 15 ദിവസത്തിനകം ഉന്നയിക്കണം. ഡി ലിമിറ്റേഷൻ സെക്രട്ടറിക്കോ അതാത് ജില്ലാ കലക്‌ടർക്കോ നേരിട്ടോ തപാൽ മുഖേനയോ പരാതി നൽകാം. ഇത് പരിശോധിച്ച് ഡി ലിമിറ്റേഷൻ കമീഷണർ നേരിട്ട് സിറ്റിംഗ് നടത്തിയശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂ. 941 പഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും, 87 നഗരസഭകളിലെ  3241 വാർഡുകളുടെയും ആറ് കോർപറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനപ്രക്രിയയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            