മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം;ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഇന്ന് 4 പി.എം ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ ഐപിഎസ്, എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ്, ഡിവൈഎസ്പി എം. അനിൽകുമാർ തുടങ്ങി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.
മൂന്ന് നിലകളിലായി ആകെ 7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗവും,
എസ് എച്ച് ഒ റൂം,
എസ് ഐ റൂം,
റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം എന്നിവയും, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ
മൂന്ന് ലോക്കപ്പുകളും,
വിസിറ്റേഴ്സ് റൂം,
പാർക്കിംഗ് ഏരിയ, വിസിറ്റേഴ്സ് ടോയ്‌ലറ്റ്
,അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ക്രൈം സെക്ഷൻ വിഭാഗം പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരിക്കിയിരിക്കുന്നത്. അതിൽ ക്രൈം എസ് ഐ റൂം, എ എസ് ഐ റൂം, മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് ഓഫീസ് റൂമുകൾ, ഇന്ററോഗ്ഷൻ റൂം, തൊണ്ടി റൂം, റെക്കോർഡ് റൂം, ടോയ്ലറ്റുകൾ മുതലായവയും,
രണ്ടാം നിലയിൽ ജനമൈത്രി ഹാൾ, റിക്രിയേഷൻ റൂം, പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള വിശ്രമ മുറികൾ എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ഗവൺമെന്റ് ഏജൻസിയായ കേരള പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന് ആണ് നിർമ്മാണ ചുമതല. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. നിലവിലുള്ള പോലീസ് സ്റ്റേഷന് സമീപത്ത് തന്നെയാണ് പുതിയ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് 2 കോടി 10 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും എംഎൽഎ അറിയിച്ചു.