ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് വത്തിക്കാൻ. മാർപ്പാപ്പയെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് നിലവിൽ കൃത്രിമ ശ്വാസം നൽകുകയാണ് എന്നും വത്തിക്കാൻ അറിയിച്ചു. എന്നാൽ മാർപ്പാപ്പയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടിട്ടില്ല.
ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 14നാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാർപ്പാപ്പയുടെ വൃക്കയുടെ പ്രവർത്തനത്തിൽ താളപ്പിഴയുണ്ടായി. ശ്വാസകോശത്തിലെ അണുബാധയും അതിന് സ്വീകരിച്ച ചികിത്സയുമാണ് വൃക്കയെ ബാധിച്ചത്.
കഴിഞ്ഞ ദിവസം മാർപ്പാപ്പയുടെ ആരോഗ്യത്തിൽ പുരോഗതിയുള്ളതായും കട്ടിലിൽനിന്നെഴുന്നേറ്റ് കസേരയിലിരുന്നതായും അറിയിച്ചിരുന്നു. പ്രാർഥനാ ചടങ്ങുകളിലും വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് അംഗീകാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർവഹിച്ചിരുന്നു.