യുഎസിന്റെ 47-ാം പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും
ബൈബിളിൽ തൊട്ടാണു സത്യപ്രതിജ്ഞ.

വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻസമയം രാത്രി 10.30നാണ് (പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ) സ്ഥാനാരോഹണച്ചടങ്ങ്. അതിശൈത്യത്തെത്തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ മന്ദിരത്തിനുള്ളിലെ റോട്ടൻഡ ഹാളിലാണു നടക്കുക. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടക്കുന്ന പ്രാർഥനയ്ക്ക് ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുക. തുടർന്നാണ് ട്രംപിന്റെ ഊഴം. ബൈബിളിൽ തൊട്ടാണു സത്യപ്രതിജ്ഞ.
ട്രംപ് ലിങ്കണ് ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിക്കും. 1861ല്‍ ഏബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളാണ് ലിങ്കണ് ബൈബിള്‍ എന്നറിയപ്പെടുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തന്റെ മുത്തശി സമ്മാനിച്ച ബൈബിളില്‍ തൊട്ടാകും സത്യവാചകം ചൊല്ലുക.
സത്യപ്രതിജ്ഞയ്ക്കുശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. നാലു വർഷം താൻ നടപ്പാക്കാൻ പോകുന്ന പദ്ധതികൾ പ്രഖ്യാപിക്കും.
പരന്പരാഗതമായി അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് വിദേശ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കാറില്ല. എന്നാൽ, ട്രംപ് തന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഏതാനും വിദേശനേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും.
സത്യപ്രതിജ്ഞയ്ക്കായി ഡോണൾഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടണിലെത്തിയിരുന്നു. ഇന്നലെ രാവിലെ ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച ട്രംപ് ഉച്ചകഴിഞ്ഞ് മൂന്നിന് വാഷിംഗ്ടണിലെ കാപിറ്റോൾ വൺ അരീനയിൽ "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെൻ വിക്ടറി റാലി' എന്നപേരിൽ വിജയ റാലി നടത്തി. വൈകുന്നേരം, വാഷിംഗ്ടണിൽ തന്റെ വിശ്വസ്തർക്കായി അത്താഴവിരുന്നും ഒരുക്കി.
നാലു വര്‍ഷം മുമ്പ് ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് കാപിറ്റോള്‍ ഹില്ലിനുനേരേ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണവും മാസങ്ങള്‍ക്കുമുമ്പ് ട്രംപിനുനേരേ ഉണ്ടായ വധശ്രമങ്ങളും മുൻനിർത്തി വാഷിംഗ്ടൺ നഗരം സുരക്ഷാവലയത്തിലാണ്. 7,800 നാഷണൽ ഗാർഡുകൾ ഉൾപ്പെടെ 25000ത്തോളം വരുന്ന സംഘമാണ് സുരക്ഷയൊരുക്കുന്നത്.