ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനസമയം ക്രമീകരിച്ചു
വാതില്‍പ്പടി ശേശഖരണം രാവിലെ 11 മണിവരെയും വൈകുന്നേരം 3 മണിക്ക് ശേഷവുമായി ക്രമീകരിക്കാനാണ് നിര്‍ദ്ദേശം.
മലപ്പുറം : അതിശക്തമായ വേനല്‍ച്ചൂടിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാതില്‍പ്പടി ശേശഖരണം രാവിലെ 11 മണിവരെയും വൈകുന്നേരം 3 മണിക്ക് ശേഷവുമായി ക്രമീകരിക്കാനാണ് നിര്‍ദ്ദേശം. വാതില്‍പ്പടി ശേഖരണത്തിന് പോകുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ ആവശ്യത്തിന് കുടിവെള്ളം, ഒ.ആര്‍.എസ് പാക്കറ്റുകള്‍, സൂര്യരശ്മിയെ തടയുന്നതിന് പുരട്ടുന്ന സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ എന്നിവ കരുതാം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍, കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ യൂണിഫോമിന്റെ കട്ടി കൂടിയ ഓവര്‍ കോട്ടുകള്‍ ഒഴിവാക്കാം. വാതില്‍പ്പടി ശേഖരണം നടത്തുന്ന വേളയില്‍ വിശ്രമിക്കുന്നതിന് തദ്ദേശസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കാം. കുടിവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.