ജനന മരണ രജിസ്‌ട്രേഷന്‍: അക്ഷയ ജീവനക്കാർക്ക് ഉൾപ്പടെ പരിശീലനം നല്‍കും
രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കിയോസ്‌കുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുക.
ജനന മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരീശീലനം നല്‍കാന്‍ തീരുമാനം. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കിയോസ്‌കുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുക. കൂടാതെ ജനന മരണ രജിസ്‌ട്രേഷന്‍ ഓഫീസറുടെ കാര്യാലയം എന്ന ബോര്‍ഡ് ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനന മരണ രജിസ്ട്രേഷന്‍ ഇടുക്കി ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജനന മരണ രജിസ്‌ട്രേഷനില്‍ നിലവില്‍ കാലതാമസം സംഭവിക്കാറില്ലെന്ന് യോഗം വിലയിരുത്തി. കെ സ്മാര്‍ട്ട് വഴിയുള്ള രജിസ്‌ട്രേഷനായതിനാല്‍ താമസമുണ്ടാകാറില്ല. താമസമില്ലാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. എല്ലാ ജനന മരണങ്ങളും കാലതാമസം ഒഴിവാക്കി നിശ്ചിത സമയപരിധിയായ 21 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജനനം/മരണം നടന്ന് 21 ദിവസത്തിന് ശേഷം 30 ദിവസം വരെ രജിസ്‌ട്രേഷന്‍ നിശ്ചിത ഫീസ് ഈടാക്കി അതത് തദ്ദേശ രജിസ്‌ട്രേഷന്‍ യൂണിറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ജനനം/മരണം നടന്ന് 30 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനകം വിവരം നല്‍കുന്ന കേസുകളില്‍ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെയും ജനനം/മരണം നടന്ന് ഒരു വര്‍ഷത്തിനുശേഷമുള്ള സാഹചര്യത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റില്‍ നിന്നുള്ള അനുമതിയോടെയും രജിസ്‌ട്രേഷന്‍ നടത്താം.
ജില്ലയില്‍ നടക്കുന്ന എല്ലാ ജനന മരണങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിനുമായാണ് ജനന മരണ രജിസ്‌ട്രേഷന്‍ ജില്ലാതല കോ-ഓഡിനേഷന്‍ കമ്മിറ്റി ചേരുന്നത്. നിലവില്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നത്.
ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഞ്ജലി ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


