ആയുഷ്മാന്‍ ഭാരത്: ആരോഗ്യപരിപാലന യാത്രയിലെ നാഴികക്കല്ല്

ജെ.പി. നഡ്ഡ ,കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി

Sep 26, 2024
ആയുഷ്മാന്‍ ഭാരത്: ആരോഗ്യപരിപാലന യാത്രയിലെ നാഴികക്കല്ല്
ayushman-bharath-health-insurance

യുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആറാം വാര്‍ഷികം രാജ്യം ആഘോഷിക്കുമ്പോള്‍, അത് അഭിമാനത്തിന്റെയും വിചിന്തനത്തിന്റെയും നിമിഷം കൂടിയാണ്. 2018 സെപ്തംബറില്‍ ആരംഭിച്ച ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സംരംഭങ്ങളിലൊന്നായി വളര്‍ന്നു. എല്ലാ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് ഏറ്റവും കരുതല്‍ വേണ്ടവര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, ഈ അഭിലാഷ പദ്ധതി ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്പര്‍ശിച്ചു. പ്രത്യാശയും രോഗശാന്തിയും ജീവരക്ഷയ്‌ക്ക് ഇടയാക്കുന്ന ചികിത്സയും ഇത് വാഗ്ദാനം ചെയ്യുന്നു. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്ന പൊതു ലക്ഷ്യവുമായി രാഷ്‌ട്രം ഒന്നിക്കുമ്പോള്‍ എന്തും നേടാനാകും എന്നതിന്റെ തെളിവാണ് ഈ പദ്ധതി.

ആരോഗ്യ പരിരക്ഷാ ലഭ്യതയുടെ പരിവര്‍ത്തനം

ആയുഷ്മാന്‍ ഭാരതിന്റെ കാതലായ ദൗത്യം ലളിതവും എന്നാല്‍ ഗഹനവുമാണ്. സാമ്പത്തിക സ്ഥിതി കാരണം ഒരാള്‍ക്കും ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. ദ്വിതീയ-തൃതീയ ആശുപത്രി പരിചരണത്തിനായി ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ വാര്‍ഷിക പരിരക്ഷയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് രാജ്യത്തെ മികച്ച ചില ആശുപത്രികളില്‍ ഗുണനിലവാരമുള്ള വൈദ്യസഹായവും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

70 വയസും അതിനുമുകളിലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആനുകൂല്യങ്ങള്‍ വിപുലീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, നമ്മുടെ രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ സാഹചര്യം കണക്കിലെടുത്തുള്ള സൂക്ഷ്മമായ നടപടിയാണ്. നേരത്തെ, നമ്മുടെ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരുടെ (ആശ, അങ്കണവാടി ജീവനക്കാര്‍, അങ്കണവാടി സഹായികള്‍) കുടുംബങ്ങളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നത്തെ കണക്കനുസരിച്ച് 55 കോടിയിലധികം പേര്‍ ഈ പദ്ധതിക്ക് കീഴില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് അര്‍ഹരാണ്. കൂടാതെ ഒരുലക്ഷം കോടിയിലധികം രൂപയുടെ 7.5 കോടിയിലധികം ചികിത്സകളും വിജയകരമായി നല്‍കി. ഒരുകാലത്ത് ഭാരിച്ച ആരോഗ്യ ചെലവുകള്‍ കാരണം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ അത്തരം പ്രതിസന്ധികളില്‍ നിന്ന് അവരെ സംരക്ഷിക്കുന്ന സാമ്പത്തിക കവചമുണ്ട്. കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ജീവനാഡിയാണ്. ഗുണഭോക്താക്കളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും ധാരാളമുണ്ട്.

ബൈപാസ് സര്‍ജറി, സന്ധി മാറ്റിവയ്‌ക്കല്‍ തുടങ്ങിയ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ മുതല്‍ അര്‍ബുദം, വൃക്കരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ വരെ 1900-ലധികം ചികിത്സാ നടപടി ക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ സമഗ്രമാണ് ഈ പദ്ധതിയുടെ വ്യാപ്തി. മുമ്പ് പലര്‍ക്കും അപ്രാപ്യമെന്നു തോന്നിയ ചികിത്സകള്‍ ഏവര്‍ക്കും പ്രാപ്യവും താങ്ങാവുന്നതുമാക്കി.

ശൃംഖല വികസിപ്പിക്കലും വ്യവസ്ഥിതിക്ക് കരുത്തേകലും

ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ശക്തമായ ശൃംഖല സൃഷ്ടിക്കാനുള്ള കഴിവാണ് ഈ പദ്ധതിയുടെ മുഖമുദ്രകളിലൊന്ന്. ഇന്ന്, 13,000 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ഭാരതത്തിലുടനീളമുള്ള 29,000-ലധികം ആശുപത്രികള്‍ ഈ പദ്ധതിക്ക് കീഴിലുണ്ട്. ഈ ശൃംഖല ഗ്രാമനഗരങ്ങളില്‍ ഒരുപോലെ വ്യാപിച്ചുകിടക്കുന്നു. രാജ്യത്തിന്റെ ഏറ്റവും വിദൂര ഭാഗങ്ങളിലുള്ളവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നു. രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ഈ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും.

ക്ലെയിം സെറ്റില്‍മെന്റുകളില്‍ സുതാര്യതയും കാര്യക്ഷമതയും വേഗതയും ഉറപ്പാക്കുന്ന ശക്തമായ ഐടി ഘടകമാണ് മറ്റൊരു പ്രത്യേകത. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയും കടലാസ് രഹിത ക്ലെയിം നടപടിക്രമങ്ങളും നടപ്പാക്കുന്നത് തട്ടിപ്പും കാര്യക്ഷമതയില്ലായ്മയും ഗണ്യമായി കുറച്ചു. വലിയ തോതിലുള്ള പൊതുജനക്ഷേമ പദ്ധതികളില്‍ പലപ്പോഴും വെല്ലുവിളിയായിരുന്നു ഈ ഘടകങ്ങള്‍.

ആയുഷ്മാന്‍ ഭാരതിന്റെ വിജയം ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളിലും പുരോഗതിക്കു കാരണമായി. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നവീകരിക്കാന്‍ ഇത് പൊതു-സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിച്ചു. കൂടാതെ, ആരോഗ്യകരമായ മത്സരാന്തരീക്ഷവും വളര്‍ത്തിയെടുത്തു. രോഗീ പരിചരണം വര്‍ധിപ്പിക്കുന്നതിന് സേവനദാതാക്കള്‍ക്കു പ്രോത്സാഹനമേകി.

സമഗ്ര ആരോഗ്യപരിപാലനത്തിന് ഊന്നല്‍ ആയുഷ്മാന്‍ ഭാരത് ആശുപത്രി പരിചരണം മാത്രമല്ല. എബി-പിഎംജെഎവൈയ്‌ക്കൊപ്പം, ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ (എഎഎം) സൃഷ്ടിക്കുന്നതിലൂടെ പ്രാഥമിക ആരോഗ്യ സേവനങ്ങളും ശക്തിപ്പെടുത്തും. പ്രമേഹം, ബ്ലഡ് പ്രഷര്‍, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത അവസ്ഥകള്‍ക്കും സൗജന്യ പരിശോധന, രോഗനിര്‍ണയം, മരുന്നുകള്‍ എന്നിവ നല്‍കുന്ന 1.73 ലക്ഷത്തിലധികം എഎഎമ്മുകള്‍ ഭാരതത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.

കൂടുതല്‍ സമഗ്രമായ ആരോഗ്യ സംരക്ഷണ മാതൃകയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ കാതലാണ് ഈ കേന്ദ്രങ്ങള്‍. ആരോഗ്യവും മുന്‍കൂര്‍ രോഗനിര്‍ണയവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്‌ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യ സംരക്ഷണം സുസ്ഥിരമാക്കാനും കഴിയും.

വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട്

ആയുഷ്മാന്‍ ഭാരതിന്റെ നേട്ടങ്ങള്‍ക്കൊപ്പം ചില വെല്ലുവിളികളേയും അതിജീവിക്കേണ്ടതുണ്ട്. പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണ്. അതോടൊപ്പം അത് തുടര്‍ച്ചയായി പരിഷ്‌കരിക്കാനും മെച്ചപ്പെടുത്താനുമുള്ള ഉത്തരവാദിത്തവുമുണ്ട്. ആശുപത്രികളിലേക്കുള്ള പണമടയ്‌ക്കല്‍ കൃത്യസമയത്ത് ഉറപ്പാക്കുന്നതിനും ഓരോ ഗുണഭോക്താവിനും നല്‍കുന്ന പരിചരണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.

പദ്ധതിക്കു കീഴിലുള്ള ചികിത്സകളുടെ എണ്ണം വിപുലീകരിക്കാനും പട്ടികപ്പെടുത്തിയ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിക്കാനും ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങളുടെ വിജയത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനും കേന്ദ്രം പ്രതിജ്ഞാബദ്ധരാണ്.

ആരോഗ്യപൂര്‍ണ ഭാരതത്തിനായുള്ള കാഴ്ചപ്പാട്

കേന്ദ്ര ആരോഗ്യമന്ത്രി എന്ന നിലയില്‍, ഒരു രാജ്യത്തിന്റെ ആരോഗ്യമാണ് അതിന്റെ അഭിവൃദ്ധിയുടെ അടിത്തറയെന്ന് ഉറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനക്ഷമതയ്‌ക്കും നവീകരണത്തിനും സംഭാവന നല്‍കാന്‍ ആരോഗ്യമുള്ള ജനവിഭാഗം കൂടുതല്‍ സജ്ജമാണ്. ആരോഗ്യകരവും ശക്തവും വികസിതവുമായ ഭാരതം എന്ന ഈ കാഴ്ചപ്പാടിന്റെ കേന്ദ്രമാണ് ആയുഷ്മാന്‍ ഭാരത്.

പദ്ധതിയുടെ ഇതുവരെയുള്ള വിജയം സര്‍ക്കാരും ആരോഗ്യ പരിപാലന ദാതാക്കളും ജനങ്ങളും തമ്മിലുള്ള കഠിനാധ്വാനം, അര്‍പ്പണബോധം, സഹകരണം എന്നിവയുടെ പ്രതിഫലനമാണ്. ഓരോ പൗരന്റെയും ക്ഷേമത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഈ ആറാം വാര്‍ഷികത്തില്‍, ഏവരേയും ഉള്‍ക്കൊള്ളുന്നതും ഏവര്‍ക്കും പ്രാപ്യമാകുന്നതുമായ ആരോഗ്യ പരിരക്ഷാ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള സമര്‍പ്പണം ഉറപ്പുവരുത്താം. വരുംതലമുറകള്‍ക്കായി ആരോഗ്യപൂര്‍ണമായ ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.