അക്ഷരം മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി

Nov 26, 2024
അക്ഷരം മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
akshara museum

കോട്ടയം: ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ. സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ 'അക്ഷരം' കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടമാണിത്. ഭാഷയ്ക്കും സാഹിത്യത്തിനുമായി മ്യൂസിയം എന്ന ആശയം നൂതനമാണ്. മിക്കവാറും മ്യൂസിയങ്ങൾ ചരിത്രവസ്തുക്കളെ സംരക്ഷിക്കാനോ  കലകളുടെയും കലാപ്രകടനങ്ങളുടെയും ചരിത്രം പ്രചരിപ്പിക്കുന്നതിനോ മഹദ് വ്യക്തികളുടെ ജീവിതം പ്രദർശിപ്പിക്കുന്നതിനോ ആയിരിക്കും.
അതിൽനിന്നെല്ലാം വ്യത്യസ്തമായ ആശയമാണ് അക്ഷരം മ്യൂസിയത്തിന്റെ സ്ഥാപനത്തിലൂടെ മുന്നോട്ടുവെക്കുന്നത്. നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിച്ചുകൊണ്ട്  വൈവിധ്യങ്ങളെ നിലനിർത്തണം എന്ന സന്ദേശമാണ്  ഈ മ്യൂസിയത്തിലൂടെ ലോകത്തിന് പകർന്നു നൽകുന്നത്.
15,000 ചതുരശ്രയടിയിൽ ഒരുക്കുന്ന മ്യൂസിയം പൂർണമാകുന്നതോടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവും ഭാഷാ ചരിത്രവും സാഹിത്യചരിത്രവും എല്ലാം അടയാളപ്പെടുത്തപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷകളുടെ ചരിത്രവും മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടും. അങ്ങനെ ലോകംതന്നെ ശ്രദ്ധിക്കുന്ന  വിജ്ഞാനകേന്ദ്രമായി മ്യൂസിയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനം ചെയ്യപ്പെടുന്ന ഒന്നാം ഘട്ടത്തിൽ പ്രധാനമായും നാല് ഗ്യാലറികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ഗ്യാലറിയിൽ ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ടാം ഗ്യാലറിയിൽ ഇന്ത്യൻ ലിപികളുടെ പരിണാമചരിത്രത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അധിനിവേശവും വിവേചനങ്ങളും നമ്മുടെ ചില ഭാഷകളെ തകർക്കുകയും മറ്റു ചിലതിനെ വളർത്തുകയും ചെയ്തിട്ടുണ്ട്.  ഹിന്ദിക്ക് ഉറുദുവുമായി ഉണ്ടായിരുന്ന ഇഴപിരിയാത്ത ബന്ധം ഇന്ത്യാചരിത്രത്തിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയും ഉറുദുവും ചേർന്ന ഹിന്ദുസ്ഥാനി എന്ന മൊഴി തന്നെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ ഉറുദുവിന്റെ പേർഷ്യൻ അറബിക് ലിപിയിൽ നിന്ന് സംസ്‌കൃതത്തിന്റെ ദേവനാഗരി ലിപിയിലേക്ക് ഹിന്ദി മാറ്റപ്പെട്ടു. അധിനിവേശ ശക്തികൾ ആവിഷ്‌ക്കരിച്ചതും രാജ്യത്തിനകത്ത് പ്രചാരം നേടിയതുമായ വർഗീയ ചിന്തകളാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണമായത്. നമ്മുടെ ലിപികളുടെ ചരിത്രം പഠിക്കുമ്പോൾ ഇത്തരം ചരിത്രവസ്തുതകളെ കൂടി മനസ്സിലാക്കാൻ സഹായകരമാകുന്ന ഒന്നാകും രണ്ടാം ഗ്യാലറി.
മൂന്നാം ഗ്യാലറി ആധുനികതയുടെ കടന്നുവരവിനു ശേഷമുള്ള അച്ചടിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.  കേരളത്തിലെ ആദ്യത്തെ അച്ചടിശാല ആരംഭിക്കപ്പെട്ടത് കോട്ടയത്താണ്.
 ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചതും കോട്ടയത്തു നിന്നാണ്. ആ കോട്ടയത്തു തന്നെ അച്ചടിയുടെ ചരിത്രം പ്രതിപാദിക്കുന്ന ഗ്യാലറി ഒരുങ്ങുന്നതിൽ ഔചിത്യഭംഗിയുണ്ട്. നാലാം ഗ്യാലറി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതാണ്.
മലയാളത്തിന്റെ പുസ്തക പ്രസിദ്ധീകരണ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിക്കാൻ എസ്പിസിഎസിന് കഴിഞ്ഞിട്ടുണ്ട്. പ്രസാധകർക്കു വിധേയരാകേണ്ടവരല്ല എഴുത്തുകാർ എന്ന ബോധം മലയാളത്തിലെ ഓരോ എഴുത്തുകാരനും പകർന്നുനൽകിയതിൽ എസ്പിസിഎസ് വഹിച്ച പങ്ക് വളരെ വലുതാണ്.  പ്രസാധന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിനു കഴിഞ്ഞു. ആ ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാകും ഇവിടെ ഒരുങ്ങിയിരിക്കുന്ന ഗ്യാലറി. ഇതിനെല്ലാം പുറമെ ആറായിരത്തോളം ലോകഭാഷകളെ അടയാളപ്പെടുത്തുന്ന ലോക ഭാഷാ ഗ്യാലറിയും തീയറ്റർ സംവിധാനവും ഡിജിറ്റൽ മ്യൂസിയവും സാഹിത്യ പ്രവർത്തകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്പിസിഎസിന്റെ പ്രവർത്തനങ്ങൾ ദേശീയ - അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടുന്ന നിലയിലേക്ക് വളരണം. മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ വിദേശങ്ങളിലും വിദേശങ്ങളിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ മലയാളക്കരയിലുമെത്തിക്കാൻ  കഴിയണം.
അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ പ്രധാന സാംസ്‌കാരിക ചരിത്ര പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷരം ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കോളജായ സിഎംഎസ് കോളജ്, സിഎം എസ് പ്രസ്സ്, ആദ്യകാല പത്രസ്ഥാപനങ്ങൾ, പാഹ്‌ലവി ഭാഷയിലുള്ള ലിഖിതങ്ങൾ കൊത്തിവെച്ച വലിയപള്ളി, ചരിത്ര രേഖകൾ സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂർ ദേവീക്ഷേത്രം, ദേവലോകം അരമന, ലോകോത്തര മ്യൂറൽ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കര ക്ഷേത്രം, ഐതിഹ്യമാലയുടെ രചയിതാവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്മാരകം, താഴത്തങ്ങാടി ജുമാ മസ്ജിദ്, മാന്നാനം സെന്റ് ജോസഫ് പ്രസ് എന്നിവയെല്ലാം ഈ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകും. സ്വദേശികൾക്കും വിദേശികൾക്കും നമ്മുടെ ഭാഷാ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ച് അവബോധം നൽകുന്നതാവും ഈ പദ്ധതി.

അച്ചടിയുമായി ബന്ധപ്പെട്ട നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ജില്ലയാണ് കോട്ടയം. നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ഡച്ച് ഭാഷാവിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചത് ഇവിടെനിന്നാണ്. മാതൃഭാഷയെ പോലെതന്നെ മറ്റു ഭാഷകളെയും കൈനീട്ടി സ്വീകരിച്ച മണ്ണാണിത്.
കേരള ചരിത്രത്തിലെ നിർണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾ ആരംഭം കുറിച്ച ജില്ല കൂടിയാണിത്. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽനിന്നാണ്. ക്ഷേത്രത്തിനടുത്തു കൂടി വഴിനടക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്ത വൈക്കം സത്യഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലാണ്.  
അക്ഷരം പഠിക്കാൻ പോലും അന്ന് വിലക്കുകളുണ്ടായിരുന്നു.  അതിനെയെല്ലാം തട്ടിമാറ്റി ഇന്നു കാണുന്ന സാമൂഹിക ഐക്യത്തിലേക്ക് നാം മുന്നേറിയത് വൈക്കം സത്യഗ്രഹം പോലെയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി കൂടിയാണ്. ആ സത്യഗ്രഹത്തിന്റെ നൂറാം വർഷത്തിൽ നമ്മുടെ ഭാഷയ്ക്ക് ഒരു മ്യൂസിയം ഒരുങ്ങുന്നു എന്നത് ഏറെ ശ്രദ്ധേയം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ അക്ഷര ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനം ബ്രോഷർ പ്രകാശിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി നിർവഹിച്ചു. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമർപ്പിച്ചു.
  തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാക്കി മൂന്നു ഘട്ടങ്ങൾ കൂടി പൂർത്തിയാകുമ്പോൾ ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി അക്ഷരം മ്യൂസിയം മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. വർത്തമാനകാലത്ത് വായനയിലേക്കു പുതുതലമുറയെ തിരികെക്കൊണ്ടുവരുന്നതിന് എല്ലാവരിലൂടെയും സഹകരണത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാർ ആമുഖപ്രഭാഷണം നടത്തി. സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.  
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,
ടി. പദ്മനാഭൻ, എം. കെ. സാനു, എം. മുകുന്ദൻ, വി. മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. എം. ആർ. രാഘവവാരിയർ, തോമസ് ജേക്കബ്, മുരുകൻ കാട്ടാക്കട, ഡോ. റിച്ച നെഗി, മൗമിത ധർ, മിനി ആന്റണി, ഡോ. വീണ എൻ. മാധവൻ, ഫാ. ജോർജ് കുടിലിൽ, പി. കെ. ജയചന്ദ്രൻ, പിവികെ പനയാൽ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോക്യാപ്ഷൻ:

1 രാജ്യത്തെ ആദ്യ ഭാഷാ മ്യൂസിയമായ അക്ഷരം കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ടി. പദ്മനാഭൻ, എം. കെ. സാനു, എം. മുകുന്ദൻ, വി. മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. എം. ആർ. രാഘവവാരിയർ, തോമസ് ജേക്കബ്, മുരുകൻ കാട്ടാക്കട, ഡോ. റിച്ച നെഗി, മൗമിത ധർ, മിനി ആന്റണി, ഡോ. വീണ എൻ. മാധവൻ, ഫാ. ജോർജ് കുടിലിൽ, പി. കെ. ജയചന്ദ്രൻ എന്നിവർ സമീപം. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.