ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്തറത്ത് കൊന്നത് രാജസ്ഥാന്‍ സ്വദേശി; ലക്ഷ്യം മോഷണമല്ലെന്ന് പോലീസ്
മോഷണമല്ല പ്രതിയുടെ ലക്ഷ്യമെന്നാണ് നിഗമനം.വീട്ടില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ചെന്നൈ: മലയാളി ദമ്പതിമാരെ ചെന്നൈയിലെ വീട്ടില്‍ കഴുത്തറത്ത് കൊന്നു. ആവഡിക്കുസമീപം മുത്താപുതുപ്പേട്ട് മിട്ടനാമല്ലി ഗാന്ധി നഗറിലാണ് സംഭവം. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവന്‍ നായര്‍ (71), ഭാര്യ റിട്ട. അധ്യാപിക, എരുമേലി പുഷ്പവിലാസം പ്രസന്നകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശിയായ മഹേഷിനെ(22) അറസ്റ്റുചെയ്തു.ശിവന്‍നായര്‍ വീടിനോടുചേര്‍ന്ന് ആയുര്‍വേദ ക്ലിനിക്ക് നടത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഇവിടെയെത്തിയ അയല്‍വാസിയാണ് വീടിന്റെ വരാന്തയില്‍ ശിവന്‍നായരെ കഴുത്തറത്ത നിലയില്‍ കണ്ടത്.പ്രസന്നകുമാരിയെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വല്‍സരവാക്കത്തുള്ള കടയില്‍ ജോലി ചെയ്തിരുന്ന മഹേഷ് പിടിയിലായത്.ഡോ. ശിവന്‍നായരുടെയും പ്രസന്നകുമാരിയുടെയും മകന്‍ ഡോ. ഹരി ഓംശ്രീ ഞായറാഴ്ച വൈകീട്ട് 5.30-ഓടെയാണ് വീട്ടില്‍നിന്ന് പോയത്. ഇതിനു ശേഷമാണ് കൊല നടന്നതെന്നാണ് സംശയിക്കുന്നത്.ഹരി വീട്ടില്‍നിന്ന് പോകുംമുന്‍പ് പ്രതി മഹേഷ് വീട്ടുപരിസരത്തെത്തി തിരിച്ചു പോയതായി സമീപത്തെ സി.സി.ടി.വി. ക്യാമറാദൃശ്യത്തിലുണ്ട്. ഹരി പോയശേഷം വീണ്ടുമെത്തി കൊല നടത്തിയെന്നാണ് സംശയം. മോഷണമല്ല പ്രതിയുടെ ലക്ഷ്യമെന്നാണ് നിഗമനം.വീട്ടില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.കൊല്ലപ്പെട്ടത്. മഹേഷ് ആവശ്യപ്പെട്ട മരുന്ന് പ്രസന്നകുമാരി എടുക്കുന്നതിനിടെ വീട്ടില്‍ കയറി പിന്നില്‍നിന്ന് കുത്തുകയും പിന്നീട് കഴുത്തറക്കുകയുമായിരുന്നു.നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായ ശിവന്‍നായര്‍ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ടു പുറത്തേക്കു വന്നപ്പോള്‍ ഇദ്ദേഹത്തെയും കൊലപ്പെടുത്തിയ ശേഷം മഹേഷ് ഓടിപ്പോയി. ശിവന്‍നായരുടെ വീടിന് സമീപമുള്ള കടയില്‍ രണ്ടു വര്‍ഷം മുന്‍പ് മഹേഷ് ജോലി ചെയ്തിരുന്നു. ആ സമയത്ത് മരുന്നിനായെത്തുമ്പോള്‍ ഇയാള്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. കൃത്യം നടത്തുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്.''പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അയിമാന്‍ ജമാല്‍ സ്ഥലം സന്ദര്‍ശിച്ചു. നോര്‍ക്ക ഓഫീസര്‍ അനു പി. ചാക്കോ ശിവന്‍നായരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. മകള്‍: ഡോ. ശ്രീഗംഗ്(ഓസ്ട്രേലിയ) മരുമകള്‍: ഡോ. വിദ്യ.