മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍

ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത്

Nov 27, 2024
മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍
mar tharayil

കാഞ്ഞിരപ്പള്ളി: മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശോയുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ മഹത്വത്തെയാണ്.മനുഷ്യമഹത്വത്തെ പൂർണ്ണമാക്കുന്നതിനാണ് ദൈവം മനുഷ്യനായി ചരിത്രത്തിലവതരിച്ചത്. വിലയുള്ള അജഗണമായതിനാലാണ് അതിനുവേണ്ടി ജീവനര്‍പ്പിക്കുന്നതിന് ഇടയന്‍ തയ്യാറാകുന്നത്. ഓരോ വ്യക്തിക്കും ദൈവം നല്‍കുന്ന മഹത്വത്തെ മനസ്സിലാക്കുമ്പോഴാണ് പരസ്പര ബഹുമാനം യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തില്‍ രൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സന്നിഹിതനായിരുന്നു. മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ അജപാലന ദൗത്യനിര്‍വ്വഹണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാഗണം പ്രാര്‍ത്ഥനയും പിന്തുണയുമായുണ്ടാകുമെന്നും സഭയ്ക്കും സമൂഹത്തിനും നിസ്തുല സംഭാവനകള്‍ നല്കുവാന്‍ മാര്‍ തറയിലിന് കഴിയട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ വിശ്വാസപൈതൃകം കാത്തുസൂക്ഷിക്കുവാന്‍ അനുയോജ്യനായ വ്യക്തിയെ ലഭിച്ചതില്‍ ദൈവത്തിന് നന്ദിപറയുന്നതായി മാര്‍ മാത്യു അറയ്ക്കല്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ ധ്യാനചിന്തകളോടെ കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍ ആരംഭിച്ച വൈദിക സമ്മേളനത്തെത്തുടര്‍ന്ന് രൂപതാസ്ഥാനത്ത് അനുമോദനയോഗം സംഘടിപ്പിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സന്യസ്ത, അല്മായ പ്രതിനിധികള്‍ മെത്രാപ്പോലീത്തയുമായി പങ്കുവയ്ക്കലുകള്‍ നടത്തുകയും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആശംസകള്‍ നേരുകയും ചെയ്തു.

രൂപതാ വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ.കുര്യന്‍ താമരശ്ശേരി, വൈസ് ചാൻസലർ ഫാ.മാത്യു ശൗര്യാംകുഴി പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ജൂബി മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.