ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
വിപുലമായ പരിപാടികളുമായി നെഹ്റു യുവ കേന്ദ്ര
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ 75-ാം വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ കവടിയാർ സ്വാമി വിവേകാനന്ദ പ്രതിമയ്ക്ക് സമീപത്തു നിന്ന് ആരംഭിച്ച പദയാത്ര സ്പോർട്സ് ഡയറക്ടർ ശ്രീ പി. വിഷ്ണുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഘതൻ സ്റ്റേറ്റ് ഡയറക്ടർ ശ്രീ എം. അനിൽകുമാർ സ്വാമി വിവേകാനന്ദ പ്രതിമയിൽ ഹാരാർപ്പണം നടത്തി. എൻ എസ് എസ് റീജിയണൽ ഡയറക്ടർ ശ്രീ പി. എൻ. സന്തോഷ് പരിപാടിയിൽ സംബന്ധിച്ചു.
മൈ ഭാരത്, നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം, യൂത്ത് ക്ലബ് വളണ്ടിയർമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെയും സ്പോർട്സ് കൗൺസിലിലെയും കായികതാരങ്ങൾ, കലാ സാംസ്കാരിക പ്രവർത്തകർ തുടങ്ങി 700 ലധികം പേർ കവടിയാറിൽ നിന്ന് തുടങ്ങി രാജ്ഭവൻ, വെള്ളയമ്പലം, കനകക്കുന്ന്, സെൻട്രൽ ലൈബ്രറി വഴി നിയമസഭ പരിസരത്ത് എത്തിയ പദയാത്രയിൽ പങ്കാളികളായി. നിയമസഭ പരിസരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം നിയമസഭ സ്പീക്കർ ശ്രീ എ. എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്തു. സ്പീക്കർ ഭരണഘടനയുടെ ആമുഖം വായിക്കുകയും പരിപാടിയിൽ പങ്കെടുത്ത ആയിരത്തോളം പേർ ഏറ്റു ചൊല്ലുകയും ചെയ്തു. വി. കെ. പ്രശാന്ത് എം.എൽ.എ., നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി. ആർ. അംബേദ്കർ എന്നിവരുടെ പ്രതിമയിൽ സ്പീക്കറും മറ്റുള്ളവരും പുഷ്പാർച്ചന നടത്തി. ഭരണഘടനയുടെ 75ാം വാർഷികാഘോഷ പരിപാടികൾ വരുന്ന ഒരു വർഷക്കാലം സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ പറഞ്ഞു