ഉപഭോക്താവറിയാതെ മിനിമം ബാലൻസ് പരിധി ഉയർത്തി പണം കവർന്ന സ്വകാര്യ ബാങ്കിനെതിരെ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും പോലീസിനും പരാതി

Nov 26, 2025
ഉപഭോക്താവറിയാതെ മിനിമം ബാലൻസ് പരിധി ഉയർത്തി പണം കവർന്ന സ്വകാര്യ ബാങ്കിനെതിരെ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും പോലീസിനും പരാതി
aby j jose

പാലാ: ഉപഭോക്താവിൻ്റെ അനുമതി കൂടാതെ ബാങ്ക് സ്വമേധയാ ആവറേജ് മിനിമം ബാലൻസ് ഉയർത്തിയശേഷം പരിധി പാലിക്കുന്നില്ലെന്നു കാട്ടി പിഴ എന്ന പേരിൽ പണം കവർന്നതിനെതിരെ കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ, റിസർവ്വ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കു ഉപഭോക്താവായ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പരാതി നൽകി. സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിനെതിരെയാണ് പരാതി നൽകിയത്. ബാങ്കിൻ്റെ നടപടിയിൽ പ്രതിഷേധിച്ച്‌ ബാങ്ക് പടിയ്ക്കൽ എബി ജെ ജോസ് ഒറ്റയാൾ പ്രതിഷേധവും നടത്തി. 

ഉപഭോക്താവായ തൻ്റെ സമ്മതവും അറിവും ഇല്ലാതെ മിനിമം ബാലൻസിൻ്റെ പരിധി ബാങ്ക് സ്വയം വർദ്ധിച്ചശേഷം പിഴയെന്ന പേരിൽ പണം ഈടാക്കിയത് മോഷണത്തിൻ്റെ പരിധിയിൽ വരുമെന്നും ആയതിനാൽ ഭാരതീയ ന്യായ സംഹിത 2023 പ്രകാരം ചതി, വഞ്ചന, തട്ടിപ്പ് 
​വകുപ്പ് 318, വകുപ്പ് 318 (4), വ്യാജരേഖ നിർമ്മാണം
​വകുപ്പ് 336, വകുപ്പ് 303 
​മോഷണം, വകുപ്പ് 314  സത്യസന്ധമല്ലാത്ത രീതിയിൽ സ്വത്ത് ദുരുപയോഗം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളാണ് ആക്സിസ് ബാങ്ക് ചെയ്തിരിക്കുന്നതെന്ന് ഡി ജി പി യ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

 പാലാ ശാഖയിൽ നിന്നും 2008 ൽ 5000 രൂപ ആവറേജ് മിനിമം ബാലൻസ് നിബന്ധനയിൽ എടുത്തിരുന്നുവെന്നും അതിൽ മിനിമം ബാലൻസ് നിലനിർത്തി പോരുന്നതിനാൽ ഇക്കഴിഞ്ഞ 17 വർഷത്തിൽ ഒരിക്കൽപോലും മിനിമം ബാലൻസ് ഇല്ലാത്തതിൻ്റെ പേരിലുള്ള പിഴ നൽകേണ്ടി വന്നിട്ടില്ലെന്നും പരാതിയിൽ പറഞ്ഞു.

എബിയുടെ സുഹൃത്ത് സുഹൃത്തിൻ്റെ ആവശ്യത്തിന് അയച്ച പണം കുറച്ചുനാൾ അക്കൗണ്ടിൽ കിടക്കുകയും അതിനു ശേഷം തിരികെ നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോൾ 401.93 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. വിശദമായി പരിശോധിച്ചപ്പോൾ സെപ്തംബർ മാസം ആവറേജ് മിനിമം ബാലൻസ് ഇല്ലാതെ പോയതിൻ്റെ പേരിൽ  ബാങ്ക് പിഴ ഈടാക്കിയതാണെന്ന് സ്റ്റേറ്റ്മെൻ്റിൽ നിന്നും മനസിലാക്കാൻ സാധിച്ചു.  ഇതേത്തുടർന്നു ആക്സിസ് ബാങ്കിൻ്റെ പാലാ ശാഖയിൽ ബന്ധപ്പെട്ടു. ആവറേജ് മിനിമം ബാലൻസ്  താഴെപ്പോയതിനാലാണ് പിഴ ഈടാക്കിയതെന്നാണ് അവർ അറിയിച്ചത്.
  
എൻ്റെ സുഹൃത്ത് നൽകിയ പണം അക്കൗണ്ടിൽ കിടന്നിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് സ്വയം പരാതിക്കാരൻ്റെ അക്കൗണ്ടിലെ മിനിമം ബാലൻസിൻ്റെ പരിധി ഉയർത്തുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതർ എബിയെ അറിയിച്ചത്.
 
അക്കൗണ്ട് പരിധി ഉയർത്തുന്നത് സംബന്ധിച്ച് ബാങ്ക്  ഇ മെയിൽ പരാതിക്കാരന് അയച്ചുവെന്നും   അക്കൗണ്ടിൽ കൂടുതൽ പണം ഉള്ള സാഹചര്യത്തിൽ മിനിമം ബാലൻസ് പരിധി ഉയർത്തേണ്ടതില്ല എന്ന് ഞാൻ ഇമെയിലിന് മറുപടി കൊടുത്തില്ലെങ്കിൽ ബാങ്ക് സ്വയം ആവറേജ് മിനിമം ബാലൻസ് പരിധി ഉയർത്തുമെന്നായിരുന്നു ആ ഇ മെയിലിൽ പറഞ്ഞിരുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞതായി എബി ജെ ജോസ് പറഞ്ഞു.
 
പണം സൂക്ഷിക്കാൻ വിശ്വസിച്ച് ആക്സിസ് ബാങ്കിനെ ഏൽപ്പിച്ചതാണെന്നും എന്നാൽ തൻ്റെ അറിവോ സമ്മതമോ കൂടാതെ ബാങ്കിന് ലാഭമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ വ്യാജരേഖകൾ ചമച്ച് തൻ്റെ പണം മോഷ്ടിച്ചെടുക്കുകയാണ് ആക്സിസ് ബാങ്ക് ചെയ്തതെന്നും എബി കുറ്റപ്പെടുത്തി. അതിനായി ആവറേജ് മിനിമം ബാലൻസ് എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് സ്വയം ഉയർത്തിയശേഷം അതു പാലിച്ചില്ലെന്ന വ്യാജ കാരണം ഉണ്ടാക്കി അതിൻ്റെ പിഴ എന്ന പേരിൽ ഈ കവർച്ച നടത്തിയിട്ടുള്ളതെന്നും പരാതിയിൽ പറഞ്ഞു.


ഫോട്ടോ അടിക്കുറിപ്പ്


ഉപഭോക്താവറിയാതെ മിനിമം ബാലൻസ് പരിധി ഉയർത്തിയ ശേഷം പിഴയെന്ന പേരിൽ പണം കവർന്ന ആക്സിസ് ബാങ്കിൻ്റെ നടപടിക്കെതിരെ ഉപഭോക്താവായ എബി ജെ ജോസ് ബാങ്ക് പടിക്കൽ നടത്തിയ ഒറ്റയാൾ പ്രതിഷേധം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.