പരീക്ഷയിൽ ഒന്നാമത്; ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16, വീഡിയോ വൈറൽ
ഇന്ത്യയിലുടനീളം ആവേശം സൃഷ്ടിച്ച് കൊണ്ടാണ് ഈ മാസം ആദ്യം ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 16 സീരീസ് പുറത്തിറക്കിയത്. നിരവധി ആളുകളാണ് തങ്ങൾ സ്വന്തമാക്കിയ ഐഫോൺ 16 സീരീസിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഐഫോൺ 16 സ്വന്തമാക്കിയ ഈ മനുഷ്യന്‍റെ കഥ. ബോർഡ് പരീക്ഷകളിൽ ഒന്നാമതെത്തിയ തന്‍റെ മകന് സമ്മാനമായി നൽകാനാണ് ആക്രി കച്ചവടക്കാരനായ അച്ഛന്‍ ഐഫോൺ 16 സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയ ഈ നേട്ടത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. എല്ലാ സ്റ്റീരിയോ ടൈപ്പുകളെയും ധിക്കരിക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ നേട്ടമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സ്ക്രാപ്പ് ഡീലറുടെ കഥ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു. ഇത്തരം വിലയേറിയ ഗാഡ്‌ജെറ്റുകൾ വാങ്ങാനുള്ള അദ്ദേഹത്തിന്‍റെ കഴിവിനെ പലരും അഭിനന്ദിച്ചു. അതേസമയം ചിലർ കൗതുകത്തോടെ ആരാഞ്ഞത് അദ്ദേഹത്തിന്‍റെ ബാങ്ക് ബാലൻസിനെക്കുറിച്ചുള്ള വിശദാംശങ്ങളായിരുന്നു. 'അച്ഛന്‍റെ വിലമതിക്കാനാകാത്ത സമ്മാനം: ടോപ്പ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് 1.50 ലക്ഷം രൂപയുടെ ഐഫോൺ സമ്മാനമായി നൽകി ആക്രി കച്ചവടക്കാരനായ അച്ഛൻ' എന്ന അടിക്കുറിപ്പോടെയായിരുന്നു എക്‌സിൽ വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയിൽ തന്‍റെ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്ന ആ മനുഷ്യനെയും കാണാം. അച്ഛന്‍റെ ത്യാഗത്തോളം വലുതായ മറ്റൊന്നില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. യഥാര്‍ത്ഥ നായകന്‍ എന്നായിരുന്നു മറ്റൊരു കുറിപ്പ്. പതിനൊന്ന് ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.