കനത്ത സുരക്ഷ; ജമ്മു കാഷ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്
 
                                    ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. കാഷ്മീര്‍ താഴ്വരയിലെ16 ലും ജമ്മുവിലെ എട്ട് മണ്ഡലങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു.
എന്‍ജിനീയര്‍ റഷീദിന്റെ എഐപിയും ജമാത്തെ ഇസ്ലാമിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചത് ചില മണ്ഡലങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. ആം ആദ്മി പാര്‍ട്ടിയും എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. കിഴക്കന്‍ കാഷ്മീരില്‍ ബിജെപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചാം തവണയും ജനവിധി തേടുന്ന സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി, മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സിന്റെ സക്കീന ഇറ്റൂ ദംഹല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കാഷ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേര് സ്വതന്ത്രസ്ഥാനാര്ഥികളാണുള്ളത്.ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പോളിംഗ്ബൂത്തുകളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കാല്‍നടയാത്രക്കാരെയും വാഹനങ്ങളെയും പരിശോധിക്കാന്‍ കൂടുതല്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളെ സഹായിക്കാന്‍ കാമറകളും ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            