കാരാപ്പുഴ അണക്കെട്ടിൽനിന്ന് കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടു;കബനിയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം
പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കബനിയിൽ നീരൊഴുക്ക് നിലച്ചതിനാൽ കുടിവെള്ള പദ്ധതി മുടങ്ങിയ സാഹചര്യത്തിലാണ് വെള്ളം തുറന്നുവിട്ടത്.
പുൽപള്ളി: കാരാപ്പുഴ അണക്കെട്ടിൽനിന്ന് കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കബനിയിൽ നീരൊഴുക്ക് നിലച്ചതിനാൽ കുടിവെള്ള പദ്ധതി മുടങ്ങിയ സാഹചര്യത്തിലാണ് വെള്ളം തുറന്നുവിട്ടത്. കബനിയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.രൂക്ഷമായ വരൾച്ചയെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ള വിതരണം പാടെ മുടങ്ങിയിരിക്കുകയാണ്. പ്രതിദിനം അമ്പത് ലക്ഷം ലിറ്റർ വെള്ളം കബനി കുടിവെള്ള പദ്ധതി വഴി എത്തിച്ചുകൊണ്ടിരുന്നതാണ്. ജലലഭ്യത ഇല്ലാതായതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്.
കാരാപ്പുഴയിൽ നിന്നുള്ള വെള്ളം വ്യാഴാഴ്ച ഉച്ചയോടെ കൂടൽ കടവിലെത്തി. കബനിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായിട്ടുള്ള ഭാഗമാണിത്. ഇവിടെനിന്ന് വീതി കൂടിയ നിലയിലാണ് പുഴയുടെ ഒഴുക്ക്. അതുകൊണ്ട് വെള്ളം വെള്ളിയാഴ്ച രാവിലെയോടെ എത്തുമെന്നാണ് കരുതുന്നത്.പാറക്കെട്ടുകൾ നിറഞ്ഞ കബനിയിൽനിന്ന് കുടിവെള്ള ആവശ്യത്തിന് മാത്രമേ ജലമെടുക്കാൻ പാടുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശകതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.