കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്‍റിൽ ചരിത്രജയം നേടി ഇന്ത്യയുടെ യുവതാരം ഡി. ഗുകേഷ്
ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പതിനേഴുകാരനായ ഗുകേഷ്
ടൊറന്റോ: കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്‍റിൽ ചരിത്രജയം നേടി ഇന്ത്യയുടെ യുവതാരം ഡി. ഗുകേഷ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പതിനേഴുകാരനായ ഗുകേഷ്. ഒമ്പതു പോയന്റുകൾ സ്വന്തമാക്കിയാണ് ടൂർണമെന്റിൽ ഗുകേഷ് വിജയിച്ചത്.നിർണായകമായ അവസാന മത്സരത്തിൽ എതിരാളി അമേരിക്കയുടെ ചെസ് ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയെ സമനിലയിൽ തളച്ചാണ് കാൻഡിഡേറ്റ്സ് കിരീടം തമിഴ്നാട് സ്വദേശി ഗുകേഷ് സ്വന്തമാക്കിയത്. പതിനാലിൽ ഒമ്പത് പോയന്‍റ് നേടിയാണ് ജയം. ലോക ചെസ് ചാമ്പ്യന്‍റെ എതിരാളിയെ കണ്ടെത്താനുള്ള മത്സരമാണ് കാൻഡിഡേറ്റ്സ് ടൂർണമെന്‍റ്. ഈ വർഷം അവസാനം ലോക കിരീടത്തിനായി നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ നേരിടും.പ്രധാനപ്പെട്ട ചെസ് താരങ്ങളെല്ലാം മത്സരിക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വിജയിയാകുന്ന വ്യക്തിയാണ് ചാമ്പ്യനുമായി മത്സരിക്കുക. ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചെസ്സിൽ വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. 2014ൽ ആണ് അഞ്ചു തവണ ലോക ചാമ്പ്യനായ ആനന്ദ് ജയിക്കുന്നത്. കഴിഞ്ഞവർഷം നടന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഗുകേഷ് വെള്ളി നേടിയിരുന്നു.