ലോക റെക്കോഡിൻ്റെ മികവിൽ പ്രമീള
ഇരട്ട നേട്ടത്തിൻ്റെ നിറവിലാണ് കണ്ണൂർ കാങ്കോൽ സ്വാമിമുക്ക് സ്വദേശിനിയും കായികാദ്ധ്യാപികയുമായ കെ. പ്രമീള. കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചതിനുള്ള ലോക റെക്കോഡും ഏഷ്യൻ ലാത്തി ഖേല ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണ്ണമെഡലും പ്രമീളയെ തേടിയെത്തിയത് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. പ്രമീള മികവ് തെളിയിച്ച കായിക ഇനങ്ങൾ ഒൻപതെണ്ണമുണ്ട്. ലാത്തി ഖേല, ക്രിക്കറ്റ്, കാരംസ്, കരാട്ടെ, ടെന്നി കൊയ്ത്ത്, സെപക് താക്രോ, ജൂഡോ , ഉഷു എന്നിവയിലെല്ലാം പ്രമീള മുൻനിരയിലാണ്. മൾട്ടി ടാലൻ്റ് കായിക മികവിനുള്ള ലോക റിക്കാർഡ് അങ്ങനെയാണ് പ്രമീളയെ തേടിയെത്തിയത്. അതേ ആഴ്ച തന്നെ ഗോവയിൽ വെച്ച് നടന്ന ലാത്തി ഖേല സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണ്ണ മെഡൽ ലഭിച്ചു. ലാത്തി ഇന്ത്യാ ഓർഗനൈസേഷൻ , ലാത്തി ഏഷ്യൻ കൗൺസിൽ, ലാത്തി കോമൺവെൽത്ത് കൗൺസിൽ, ലാത്തി ഇൻ്റർനാഷണൽ കൗൺസിൽ എന്നിവ ചേർന്നാണ് ഏഷ്യൻ ലാത്തി മേഖല ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. കണ്ണൂർ കാങ്കോൽ സ്വാമിമുക്ക് സ്വദേശിനിയായ പ്രമീള ഇപ്പോൾ സ്കൂളുകളിലും കോളേജുകളിലും ഗസ്റ്റ് കായികാധ്യപികയായി ജോലി ചെയ്യുകയാണ്. പയ്യന്നൂർ സ്വാമിമുക്കിലെ എൻ വി തമ്പാൻ്റെയും കമലാക്ഷിയുടേയും മകളാണ്. ബേബിയാണ് ഭർത്താവ്. കരിവെള്ളൂർ എ.വി. സ്മാരക ഗവന്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ നിവേദ് മാളവിക എന്നിവർ മക്കളാണ്.