ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

COUNTING

Jun 1, 2024

വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിലായി നടക്കും

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.

രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക.

കൗണ്ടിങ് സൂപ്പർവൈസർമാർകൗണ്ടിങ് അസിസ്റ്റന്റുമാർമൈക്രോ ഒബ്സർവർമാർതെരഞ്ഞെടുപ്പ്  കമ്മീഷൻ പ്രതിനിധികൾനിരീക്ഷകർതെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർസ്ഥാനാർത്ഥികൾഅവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല.

ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഇത്  ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ഡ്യൂട്ടി.

മൂന്ന് ഘട്ട റാൻഡമൈസേഷൻ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ആദ്യഘട്ടം

മെയ് 17 ന് പൂർത്തിയായി. രണ്ടാം റാൻഡമൈസേഷനും മൂന്നാം റാൻഡമൈസേഷനും ജൂൺ 3ന് രാവിലെ എട്ട് മണിക്കും ജൂൺ 4 ന് രാവിലെ അഞ്ച് മണിക്കും നടക്കും. രണ്ടാം ഘട്ടം റാൻഡമൈസേഷനിലാണ് നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണൽ ദിനം പുലർച്ചെ 5  മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാൻഡമൈസേഷനിലാണ് വോട്ടെണ്ണൽ മേശയുടെ വിശദാംശങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കുക.

വോട്ടെണ്ണൽ ഇങ്ങനെ:

 വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുമ്പോൾ സ്ട്രോങ് റൂമുകൾ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസർഅസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർസ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർതിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.

ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളുംപോസ്റ്റൽ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കൺട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിക്കും. തുടർന്ന് ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലുംഎല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസർ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകൾ എടുത്തുമാറ്റി  അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ കൊണ്ടുവരാൻ നിർദേശം നൽകും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ.  എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം. വോട്ടെണ്ണൽ ദിനം ഡ്രൈ ഡേ ആയിരിക്കും.    മദ്യമോ മറ്റ് ലഹരി പദാർഥങ്ങളോ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ:

*തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്-തിരുവനന്തപുരംആറ്റിങ്ങൽ മണ്ഡലങ്ങൾ

*തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം

*ചെന്നീർക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം

*മാവേലിക്കര ബിഷപ്പ് മൂർ കോളേജ്-മാവേലിക്കര മണ്ഡലം

*ആലപ്പുഴ സെന്റ് ജോസഫ് കോളേജ്സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം

*ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം 

*പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-ഇടുക്കി മണ്ഡലം

*കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റിതൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം

*ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം

*തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്-തൃശൂർ മണ്ഡലം

*പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂർപാലക്കാട് മണ്ഡലങ്ങൾ

*തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം

*ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം

*വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്-കോഴിക്കോട്വടകര മണ്ഡലങ്ങൾ

*മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം

*കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ-വയനാട് മണ്ഡലം

*ചുങ്കത്തറ മാർത്തോമ കോളേജ് -വയനാട് മണ്ഡലം,

*ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം

*ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂർ മണ്ഡലം

*പെരിയ കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി-കാസർകോട് മണ്ഡലം.

പോസ്റ്റൽ ബാലറ്റിന് പ്രത്യേക ക്രമീകരണം:

വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് രാവിലെ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. കൗണ്ടിങ് ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളിൽ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റൽ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന്റെ മേൽനോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റൽ വോട്ടെണ്ണൽ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക.

സർവീസ് വോട്ടർമാരുടെ ഇടിപിബിഎംഎസ് വോട്ടുകളും തപാൽ വോട്ടുകൾ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ലഭിച്ച ഇടിപിബിഎംഎസുകൾ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആർ കോഡ് റീഡർ ഉപയോഗിച്ച് വോട്ടുകൾ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പർവൈസറും 10 ക്യു ആർ കോഡ് റീഡിങ് ടീമിന് ഒരാൾ എന്ന തോതിൽ എആർഒമാരും ഇതിനായുണ്ടാവും. ക്യു ആർ കോഡ് റീഡിങ്ങിന് ശേഷം കവറുകൾ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും.  

ലഭിച്ച തപാൽ വോട്ടുകളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായി സാധുവായ തപാൽ വോട്ടുകൾ തരംതിരിച്ച ശേഷം ഓരോ സ്ഥാനാർഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസൾട്ട് ഷീറ്റിൽ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക.

വിജയിച്ച സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണൽ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാൽവോട്ടുകളേക്കാൾ കുറവാണെങ്കിൽ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിങ് ഓഫീസർ അസാധുവായ മുഴുവൻ വോട്ടുകളും വീണ്ടും പരിശോധിക്കും. ഈ പുനപ്പരിശോധന മുഴുവൻ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.