വയോജനദിനം: പ്രതിജ്ഞ എടുക്കണം
 
                                സംസ്ഥാനത്ത് ഒക്ടോബർ 1ന് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ വയോജനദിന പ്രതിജ്ഞയെടുക്കും. വയോജനദിന പ്രതിജ്ഞ ചുവടെ: മുതിർന്ന പൗരന്മാർ നാടിന്റെ അമൂല്യസമ്പത്താണെന്നു ഞാൻ മനസ്സിലാക്കുന്നു. അവർ നാടിനു നൽകിയ മഹത്തായ സംഭാവനകളെ ഈ വയോജന ദിനത്തിൽ ഞാൻ ആദരപൂർവ്വം നമിക്കുന്നു. ചെറുപ്പത്തിൽ നാം ഓരോരുത്തരെയും കരുതലോടെ കാത്തവരാണ് അവരെന്നും, പ്രായമാകുമ്പോൾ ആ കരുതൽ തിരികെ നൽകേണ്ടത് നമ്മുടെ കടമയാണെന്നും ഞാൻ മനസ്സിലാക്കുന്നു. എന്റെ മാതാപിതാക്കളെയും ഉറ്റ ബന്ധുക്കളെയും അവരുടെ വാർദ്ധക്യകാലത്ത് എന്റെ കഴിവിന്റെ പരമാവധി പരിപാലിക്കൽ എന്റെ കടമയായി ഞാൻ തിരിച്ചറിയുന്നു. അവർ അടക്കം ഓരോ മുതിർന്ന പൗരനും ജീവനുള്ള സുവർണ്ണ സമ്പാദ്യമാണെന്ന് ഞാൻ എപ്പോഴും ഓർമ്മിക്കും. സമൂഹത്തിലെ ഓരോ മുതിർന്ന പൗരനും ഞാൻ കൈത്താങ്ങാകും. തണലേകിയവർക്ക് തണലാകാൻ ഞാൻ എന്നും കൈകോർക്കും. പ്രായാധിക്യം മൂലമുള്ള അവശതകളിലും പ്രയാസങ്ങളിലും അവരെ ഞാൻ ചേർത്തുപിടിക്കും. മുതിർന്ന പൗരന്മാരോട് എപ്പോഴും ബഹുമാനത്തോടെയും ആദരവോടെയും പെരുമാറുമെന്നും, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മുതിർന്ന പൗരന്മാരെ ഞാൻ നോവിക്കില്ലെന്നും, വയോജനങ്ങളുടെ ക്ഷേമത്തിനായി ആത്മാർത്ഥമായി നിലകൊള്ളുമെന്നും ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            