കളക്ടേഴ്‌സ് സൂപ്പർ 100: പ്രവേശന പരീക്ഷ ജൂലായ് 12ന്
ഒബ്ജക്ടീവ് പരീക്ഷ ജൂലായ് 12നും ഗ്രൂപ്പ് ചർച്ചയും അഭിമുഖവും ജൂലായ് 18നും നടക്കും. ജൂലായ് 23ന് ഫലം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : ജില്ലാ ഭരണകൂടത്തിന്റെ കളക്ടേഴ്‌സ് സൂപ്പർ 100 പ്രോജക്ടിലെ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷ ജൂലായ് 12ന് നടക്കും. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളി / പട്ടിക വർഗ വിഭാഗങ്ങളിലെ ഒൻപതാം ക്ലാസിലേയും പതിനൊന്നാം ക്ലാസിലേയും പെൺകുട്ടികൾക്കാണ് കളക്ടേഴ്‌സ് സൂപ്പർ 100-ൽ അപേക്ഷിക്കാൻ അവസരം. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളുടെ ഗണിതശാസ്ത്ര കഴിവുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും STEM (സയൻസ് ടെക്‌നോളജി എഞ്ചിനീയറിങ് മാത്തമാറ്റിക്‌സ്) വിദ്യാഭ്യാസത്തിലും തൊഴിലിലും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, അവരെ ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പരീക്ഷ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ ഘട്ടത്തിൽ ഒബ്ജക്ടീവ് പരീക്ഷയും രണ്ടാംഘട്ടിൽ ഗ്രൂപ്പ് ചർച്ചയും അഭിമുഖവും നടക്കും. ഒബ്ജക്ടീവ് പരീക്ഷ ജൂലായ് 12നും ഗ്രൂപ്പ് ചർച്ചയും അഭിമുഖവും ജൂലായ് 18നും നടക്കും. ജൂലായ് 23ന് ഫലം പ്രസിദ്ധീകരിക്കും. ജൂലായ് 26ന് കളക്ടേഴ്‌സ് സൂപ്പർ 100 ലെ പുതിയ അധ്യയന വർഷത്തിന് തുടക്കമാകും.പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ പേര്, ക്ലാസ്, രക്ഷിതാവിന്റെ പേര്, ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ, വിദ്യാർത്ഥിനി ഉൾപ്പെടുന്ന വിഭാഗം, പ്രതിമാസ വരുമാനം എന്നിവയുൾപ്പെടുന്ന അപേക്ഷ അതത് സ്‌കൂൾ പ്രധാനാധ്യാപികയ്ക്ക് സമർപ്പിക്കണം. കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് / പട്ടികവർഗ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8921516973 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ വികസന കമ്മീഷണർ ഡോ.അശ്വതി ശ്രീനിവാസ് അറിയിച്ചു.