നവംബറിൽ ആറളത്ത് പ്രത്യേക അദാലത്ത് നടത്തും: പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ
നവംബർ 28ന് പട്ടികജാതി പട്ടിക ഗോത്രവർഗ വകുപ്പിന്റെ സംസ്ഥാന ഡയറക്ടർ ഉൾപ്പെടെയുള്ളവരുമായി ഫാമിലെ പ്രശ്നങ്ങൾ ചർച്ചചെയ്യും. ഉന്നതികൾ സന്ദർശിക്കും
കണ്ണൂർ : നവംബർ 27, 28 തീയതികളിൽ ആറളംഫാം നിവാസികൾക്കായി പ്രത്യേക അദാലത്ത് നടത്തുമെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അറിയിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ കമ്മീഷന്റെ പരാതി പരിഹാര അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയർമാൻ. നവംബർ 28ന് പട്ടികജാതി പട്ടിക ഗോത്രവർഗ വകുപ്പിന്റെ സംസ്ഥാന ഡയറക്ടർ ഉൾപ്പെടെയുള്ളവരുമായി ഫാമിലെ പ്രശ്നങ്ങൾ ചർച്ചചെയ്യും. ഉന്നതികൾ സന്ദർശിക്കും. ആറളം ഫാമിൽ നിലവിലുള്ള കുടിവെള്ള ലഭ്യത, റവന്യൂ, കെട്ടിട സൗകര്യം തുടങ്ങിയവ പരിശോധിക്കും. കണ്ടെത്തുന്ന പ്രശ്നങ്ങൾ കഴിയുന്നവത്ര വേഗം പരിഹരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കമ്മീഷൻ വ്യക്തമാക്കി.
പട്ടികവർഗ വിഭാഗക്കാരോടുള്ള മനോഭാവത്തിൽ സ്ഥായിയായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതായി കമ്മീഷൻ വിലയിരുത്തി. കണ്ണൂർ ജില്ലയിൽ പൊതുസമൂഹത്തിന്റേയും ഗോത്രവർഗക്കാരുടേയും ഇടയിൽ മെച്ചപ്പെട്ട രീതിയിലുള്ള സാമൂഹ്യ വ്യവസ്ഥ നിലനിൽക്കുന്നു എന്നതിന് തെളിവാണ് പരാതികളിലെ കുറവെന്നും ചെയർമാൻ പറഞ്ഞു. റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായി കാണുന്നത്. കെട്ടിക്കിടക്കുന്ന പരാതികൾ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് പരിഹരിക്കും. മൂന്നുമാസത്തിനുള്ളിൽ മുഴുവൻ ജില്ലകളിലും അദാലത്തുകളുടെ ആദ്യഘട്ടം പൂർത്തിയാകും.