കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമ അവാർഡ് 2024: എൻട്രികൾ ക്ഷണിച്ചു
വോട്ടർമാർക്കായുള്ള ബോധവൽക്കരണ ക്യാമ്പയിന്റെ ഗുണനിലവാരം, സമഗ്രത, വൈവിധ്യം, വസ്തുതപരമായ വിവരങ്ങളുടെ വ്യാപനം, പൊതുജനങ്ങളിലുണ്ടാക്കിയ സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാകും ജൂറി മൂല്യ നിർണയം നടത്തുന്നത്.
തിരുവനന്തപുരം : 2024-ൽ വോട്ടർമാരുടെ ബോധവൽക്കരണത്തിനുള്ള മികച്ച പ്രചാരണത്തിനുള്ള മാധ്യമ അവാർഡിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള എൻട്രികൾ ക്ഷണിച്ചു. അച്ചടി, ടെലിവിഷൻ, റേഡിയോ, ഓൺലൈൻ / സോഷ്യൽമീഡിയ വിഭാഗങ്ങളിൽ അവാർഡുകൾ ഉണ്ടായിരിക്കും.തിരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങൾ നൽകുന്ന മികച്ച സംഭാവനകളെ അംഗീകരിക്കുന്നതിനായാണ് അവാർഡുകൾ. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലല്ലാത്ത എൻട്രികൾക്ക് ഇംഗ്ലീഷ് പരിഭാഷ നിർബന്ധമാണ്.
വോട്ടർമാർക്കായുള്ള ബോധവൽക്കരണ ക്യാമ്പയിന്റെ ഗുണനിലവാരം, സമഗ്രത, വൈവിധ്യം, വസ്തുതപരമായ വിവരങ്ങളുടെ വ്യാപനം, പൊതുജനങ്ങളിലുണ്ടാക്കിയ സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാകും ജൂറി മൂല്യ നിർണയം നടത്തുന്നത്.എൻട്രികൾ 2024 വർഷത്തിൽ സംപ്രേക്ഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിരിക്കണം. അച്ചടി മാധ്യമ വിഭാഗത്തിൽ എൻട്രികൾ സമർപ്പിക്കുന്നവർ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ സംഗ്രഹത്തിൽ വാർത്താ ഇനങ്ങളുടെ/ലേഖനങ്ങളുടെ എണ്ണം, ചതുരശ്ര സെന്റിമീറ്ററിൽ പ്രിന്റ് ഏരിയ എന്നിവ വ്യക്തമാക്കണം. ഇതിനൊപ്പം ഒരു PDF സോഫ്റ്റ് കോപ്പി അല്ലെങ്കിൽ ലിങ്ക് അല്ലെങ്കിൽ പൂർണ്ണ വലിപ്പത്തിലുള്ള ഫോട്ടോകോപ്പിയോ പ്രിന്റോ ഉൾപ്പെടുത്തി വേണം സമർപ്പിക്കേണ്ടത്. ടെലിവിഷൻ, റേഡിയോ വിഭാഗത്തിലുള്ള എൻട്രികളിൽ 2024 കാലയളവിൽ നടത്തിയ പ്രചാരണത്തിന്റെ സംക്ഷിപ്തം ഉൾപ്പെടുത്തണം. സംപ്രേക്ഷണത്തിന്റെ ദൈർഘ്യവും ആവൃത്തിയും വ്യക്തമാക്കേണ്ടതാണ്. ഒരു സിഡി/ ഡി വി ഡി അല്ലെങ്കിൽ പെൻഡ്രൈവിലാകണം എൻട്രികൾ സമർപ്പിക്കണ്ടത്.സോഷ്യൽ മീഡിയ, ഓൺലൈൻ വിഭാഗത്തിൽ പോസ്റ്റുകൾ, ബ്ലോഗുകൾ, പ്രചരണങ്ങൾ, ട്വീറ്റുകൾ, ലേഖനങ്ങൾ എന്നിവയുടെ സമയം, എണ്ണം എന്നിവ ഉൾപ്പെടുന്ന സംഗ്രഹം സമർപ്പിക്കണം. പി ഡി എഫ് സോഫ്റ്റ് കോപ്പിയായോ പ്രസ്തുത വെബ് അഡ്രസ്സോ ഇതിനൊപ്പം ഉൾപ്പെടുത്തണം. അവാർഡ് നിർണയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും. എൻട്രികളിൽ പേര്, വിലാസം, ഫോൺ നമ്പർ, ഫാക്സ്, ഇമെയിൽ പ്രതിനിധീകരിക്കുന്ന മാധ്യമ സ്ഥാപനത്തിന്റെ പേര് എന്നിവ വ്യക്തമാക്കി 2024 ഡിസംബർ 10 നുള്ളിൽ രാജേഷ് കുമാർ സിംഗ്, അണ്ടർ സെക്രട്ടറി (കമ്യൂണിക്കേഷൻ), കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, നിർവചൻ സദൻ, അശോക റോഡ്, ന്യൂഡൽഹി 11001 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇമെയിൽ: media-division@eci.gov.in. ഫോൺ: 011-23052131, വിശദവിവരങ്ങൾക്ക്: www.kerala.gov.in