ചൈനീസ് വെളുത്തുള്ളി കണ്ടാൽ വാങ്ങിപോകും , എന്നാൽ കിഡ്നിയും കരളും കൊണ്ടുപോകും
ചൈനീസ് വെളുത്തുള്ളി ഇപ്പോഴും ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശ് സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ നിയുക്ത ഉദ്യോഗസ്ഥനെയാണ് കോടതി വിളിപ്പിച്ചത്. ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് എത്തുന്നത് തടയുന്നതിനുള്ള സംവിധാനം ഏർപ്പാടാക്കണമെന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന്റെ ഉറവിടം കണ്ടെത്തണമെന്നും കോടതിയുടെ ലക്നൗ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. ദൂഷ്യഫലങ്ങൾ കാരണം രാജ്യത്ത് നിരോധിച്ച ചൈനീസ് വെളുത്തുള്ളി വിപണിയിൽ ഇപ്പോഴും ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മോത്തിലാൽ യാദവ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിരോധനമുണ്ടെങ്കിലും രാജ്യത്തുടനീളം ഇത്തരം വെളുത്തുള്ളി സുലഭമാണെന്ന് ഹർജിയിൽ പറയുന്നു. എന്താണ് ചൈനീസ് വെളുത്തുള്ളി? ലോകത്ത് ഏറ്റവുമധികം വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ചൈനയിൽ ഉത്പാദിപ്പിക്കുന്ന വെളുത്തുള്ളിയാണ്. ഇത് ചൈനീസ് ഗാർളിക് എന്നാണ് അറിയപ്പെടുന്നത്. സാധാരണ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വെളുത്തുള്ളിയേക്കാൾ വലിപ്പമുണ്ടാകും ഇവയ്‌ക്ക്. ഇതിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത് 2014ൽ കേന്ദ്രസർക്കാർ ചൈനീസ് വെളുത്തുള്ളി നിരോധിച്ചിരുന്നു. ഇവയിൽ കീടനാശിനികളുടെ അളവ് താരതമ്യേന വളരെ കൂടുതലാണ്. മീഥൈൽ ബ്രോമൈഡ് എന്ന രാസവസ്തുവാണ് വെളുത്തുള്ളിയിൽ ചൈനീസ് കർഷകർ ഉപയോഗിക്കുന്നത്. അതിനാൽ ചൈനീസ് വെളുത്തുള്ളി ദീർഘകാലം കേടുകൂടാതിരിക്കുകയും ചെയ്യും. ഇവ നിത്യേന കഴിച്ചാൽ വൃക്കകൾ തകരാറിലാവുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആഹാരത്തിൽ പതിവാക്കിയാൽ മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും വന്നേക്കാം. കീടനാശിനി കൂടുതൽ ഉപയോഗിച്ച് വിളയിച്ചെടുത്ത ഉത്പന്നങ്ങൾ നിത്യേന കഴിക്കുന്നത് അൾസർ, അണുബാധ, ഗ്യാസ് എന്നിവ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ കഴിവതും ചൈനീസ് വെളുത്തുള്ളി ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്