കേരളഗ്രോ, മില്ലറ്റ് കഫേ വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 1ന്
തിരുവനന്തപുരം:സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിക്കുന്ന കേരളഗ്രോ, മില്ലറ്റ് കഫേ എന്നീ വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷന് സമീപം ഗാർഡൻ റോസ് കൃഷിക്കൂട്ടം ആരംഭിക്കുന്ന കേന്ദ്രങ്ങളിൽ ഒക്ടോബർ 1ന് വൈകിട്ട് 4 മണിക്കാണ് ചടങ്ങ്. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, വാർഡ് കൗൺസിലർ ആതിര എൽ എസ്, ജനപ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന കൃഷി വകുപ്പ് കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, FPO കൾ, കേരളത്തിലെ ഫാമുകൾ എന്നിവരുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ വിപണിയിൽ കേരളഗ്രോ ഔട്ട്‌ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നീ ബ്രാൻഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. കേരളഗ്രോ ബ്രാൻഡിലൂടെ ഇതിനോടകം തന്നെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിപണനം ആരംഭിച്ചിട്ടുണ്ട്. കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന കേരളഗ്രോ ഔട്ട്‌ലെറ്റുകളും മില്ലറ്റ് കഫേകളും സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി പ്രവർത്തനസജ്ജമാക്കുവാൻ ഒരുങ്ങുകയാണ് കൃഷി വകുപ്പ്.