ഗാന്ധി ജയന്തി – കെൽസാ ദിനം ആചരിക്കുന്നു
ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജ വിജയരാഘവൻ വി ഉദ്ഘാടനം നിർവഹിക്കും.
തിരുവനന്തപുരം : ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സെർവീസസ് അതോറിറ്റി കെൽസാ ദിനം ആചരിക്കുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജ വിജയരാഘവൻ വി ഉദ്ഘാടനം നിർവഹിക്കും. ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ നാല് താലൂക്കുകളിലായി കോടതികളിലെ കേസുകൾ, പ്രീ ലിറ്റിഗേഷൻ പരാതികൾ, അണ്ടർ വാല്യുവേഷൻ ഹർജികൾ, വാഹന അപകട തർക്ക പരിഹാരം, തൊഴിൽ തർക്ക പരിഹാരം, നിയമ ബോധവൽക്കരണം, മെഗാ അദാലത്ത് തുടങ്ങിയവ നടത്തും. വേഗത്തിലുള്ള നിയമ പരിപാലനവും തർക്കം പരിഹരിക്കുന്നതിലൂടെയുള്ള സാമ്പത്തിക നേട്ടവും സമയ ലാഭവുമാണ് മെഗാ അദാലത്തിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലയിലെ പാരാലീഗൽ വോളന്റീർമാർക്കുവേണ്ടി ഗാന്ധിയൻ ചിന്തകളും തർക്ക പരിഹാരവും എന്ന വിഷയത്തിൽ സീനിയർ സിവിൽ ജഡ്ജും തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ എസ്. ഷംനാദ് ബോധവൽക്കരണം നൽകും. ഇത് കൂടാതെ മനഃശാസ്ത്രം, സാമൂഹിക പ്രവർത്തനം തുടങ്ങിയ അനുബന്ധ വിഷയങ്ങളിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രയോഗങ്ങൾ, ഒരു ക്ഷേമരാഷ്ട്രത്തിൽ നിയമ സേവന സ്ഥാപനങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിലും ബോധവത്ക്കരണം നടത്തും.
തിരുവനന്തപുരം ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് ബാലു എസ് എസ്, തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി സനോജ് ആർ നായർ, തിരുവനന്തപുരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി നിതിൻ അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിക്കും.