അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കക്കാനായി എയർ കണ്ടീഷൻ സംവിധാനമുള്ള സോളാർ ബോട്ട് നിർമ്മിക്കാൻ ജലഗതാഗത വകുപ്പ്
നൂറ് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന, മൂന്ന് കോടിയോളം രൂപ നിർമ്മാണ ചെലവുള്ള സിംഗിൾ ഡെക്ക് ബോട്ടാണ് ലക്ഷ്യം.
കൊല്ലം: വിനോദ സഞ്ചാരികൾക്കു വേണ്ടിയുള്ള സീ അഷ്ടമുടി ബോട്ട് വിജയിച്ചതോടെ, അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കക്കാനായി എയർ കണ്ടീഷൻ സംവിധാനമുള്ള സോളാർ ബോട്ട് നിർമ്മിക്കാൻ ജലഗതാഗത വകുപ്പ് സർക്കാരിന് പദ്ധതി സമർപ്പിച്ചു. നൂറ് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന, മൂന്ന് കോടിയോളം രൂപ നിർമ്മാണ ചെലവുള്ള സിംഗിൾ ഡെക്ക് ബോട്ടാണ് ലക്ഷ്യം.കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ മൺറോത്തുരുത്തിലേക്ക് അടക്കം പോകാൻ കഴിയുന്ന തരത്തിൽ ബോട്ടിന്റെ ഹൾ, ഫൈബർ കറ്റാമറൈൻ കൊണ്ട് നിർമ്മിക്കാനാണ് ആലോചന. ഇത്തരം ബോട്ടുകൾക്ക് എഴുപത് സെന്റീമീറ്റർ മാത്രം ആഴമുള്ള ജലാശയങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിയും. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ വിശദമായ രൂപരേഖ തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങും. തുടർന്ന് നിർമ്മാണത്തിലേക്ക് കടക്കും. അഞ്ച് മണിക്കൂർ സഞ്ചരിക്കാൻ ഏകദേശം 600 രൂപയാകും. സീ അഷ്ടമുടി പോലെ തന്നെ ഭക്ഷണം ഏതെങ്കിലും സന്ദർശന കേന്ദ്രങ്ങളിൽ ലഭ്യമാക്കും. പെരുമൺ റെയിൽവേ പാലത്തിന് അടിയിലൂടെ അഷ്ടമുടിക്കായലിലെ തുരുത്തുകളിലേക്ക് പോകാനുള്ള സൗകര്യത്തിനാണ് ബോട്ട് സിംഗിൾ ഡെക്ക് ആക്കുന്നത്.പ്രതിദിനം ഏകദേശം പതിനായിരം രൂപയാണ് സീ അഷ്ടമുടിയുടെ വരുമാനം. 15000 രൂപയാണ് ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കമുള്ള ചെലവ്. ഒന്നര വർഷത്തിനിടയിൽ ഏകദേശം ഒരു കോടിയോളം രൂപ സീ അഷ്ടമുടിയിലൂടെ ജലഗതാഗത വകുപ്പിന് ലഭിച്ചുകഴിഞ്ഞു. 1.90 കോടിയായിരുന്നു സീ അഷ്ടമുടിയുടെ നിർമ്മാണ ചെലവ്. പുതിയ ബോട്ട് സോളാറായതിനാൽ പ്രവർത്തന ചെലവ് സീ അഷ്ടമുടിയെക്കാൾ കുറവായിരിക്കും. അതുകൊണ്ട് തന്നെ മുടക്കുമുതൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ തിരിച്ചുലഭിക്കും