തുറപ്പള്ളി ടൗണിൽ കാട്ടാനയുടെ ആക്രമണം;വിനോദ സഞ്ചാരിയടക്കം രണ്ടു പേർക്ക് പരിക്ക്
കോട്ടയത്തുനിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിലെ വയോധികയാണ് കാട്ടാന ആക്രമണത്തിനിരയായത്
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തുറപ്പള്ളി ടൗണിൽ രണ്ടു പേർക്ക് കാട്ടാനയുടെ ആക്രമണം. കോട്ടയത്തുനിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിലെ വയോധികയാണ് കാട്ടാന ആക്രമണത്തിനിരയായത്. തങ്കമ്മ ഭാസ്കർ (65) എന്ന വയോധികക്കാണ് പരിക്കേറ്റത്.തുറപ്പള്ളി മൈസൂർ ദേശീയപാതയിൽവെച്ചാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.ശനിയാഴ്ചപുലർച്ചെ വണ്ടി നിർത്തി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ വനപാലകരും നാട്ടുകാരും ചേർന്ന് ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നെ ഊട്ടി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ തുറപ്പള്ളി മൊളമ്പള്ളി പരമശിവൻ എന്നയാളാണ്. പരിക്കേറ്റ ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.