ജസ്ന കേസ്: സമാന്തര അന്വേഷണത്തിലെ വിവരങ്ങൾ വിശ്വാസയോഗ്യരായ ഉദ്യോഗസ്ഥർക്ക് കൈമാറും - പിതാവ്
വിശ്വാസയോഗ്യരെന്ന് തോന്നുന്ന ഉദ്യോഗസ്ഥർ വരുന്ന പക്ഷം തെളിവുകൾ കൈമാറുമെന്നും ജെയിംസ് പറഞ്ഞു.
കോട്ടയം: ജസ്ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. വിശ്വാസയോഗ്യരെന്ന് തോന്നുന്ന ഉദ്യോഗസ്ഥർ വരുന്ന പക്ഷം തെളിവുകൾ കൈമാറുമെന്നും ജെയിംസ് പറഞ്ഞു.
സിബിഐ അന്വേഷണം ചില മേഖലകളിലേക്ക് എത്താതെ പോയി. മകളുടെ തിരോധാനത്തിലെ ദുരൂഹതകളിലേക്ക് അന്വേഷണം എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സിബിഐ തുടരന്വേഷണം വേണ്ടെന്ന് പറയുന്ന പക്ഷം സ്വന്തം നിലയ്ക്ക് അന്വേഷിച്ച് കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കും.മകൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണ്ടിരുന്നെങ്കിൽ തന്നെ ബന്ധപ്പെടാൻ ശ്രമിക്കുമായിരുന്നുവെന്നും മകൾ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷ മുമ്പുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോളില്ലെന്നും അദ്ദേഹം പറഞ്ഞു.