ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; ആദ്യ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, വോട്ടെണ്ണൽ വൈകിട്ട് ആറിന്, ഫലപ്രഖ്യാപനം രാത്രി എട്ടിന്
 
                                    ന്യൂദൽഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാലെ എൻഡിഎ എംപിമാരും പ്രതിപക്ഷ എംപിമാരും വോട്ട് രേഖപ്പെടുത്തും. രാവിലെ 10 മണിയോടെ പാർലമെന്‍റ് മന്ദിരത്തിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്‌ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. ബിജെഡി, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നുണ്ട്. മനസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്‍റേത് നാണെകെട്ട ആഹ്വാനമാണെന്ന് ബിജെപി മറുപടി നൽകി. വൈകിട്ട് 5 മണിവരെ വോട്ടെടുപ്പ് നടക്കും.
എൻഡിഎയും ഇൻഡി സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിങ് നടത്തിയിരുന്നു. വൈകിട്ട് ആറ് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. രാത്രി എട്ട് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                            