ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി ഒ.പിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

Oct 28, 2025
ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി ഒ.പിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
VEENA GEORGE HEALTH MINISTER

post

സർക്കാരിന്റേത് എല്ലാവരെയും ചേർത്ത് പിടിക്കുന്ന നയം: മന്ത്രി വീണാ ജോർജ്

ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി ഒ.പി.ഡി കോംപ്ലക്സ് ശിലാസ്ഥാപനവും ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്തെ വിവിധ 73 ആയുഷ് സ്ഥാപനങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ ഓൺലൈനായി മന്ത്രി നിർവഹിച്ചു. എല്ലാവരെയും ചേർത്ത് പിടിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിൻ്റേതെന്ന് മന്ത്രി പറഞ്ഞു.

അതിർത്തി പ്രദേശമായ ഉടുമ്പഞ്ചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള തീരുമാനം സർക്കാരിൻ്റെ നയമാണ് കാണിക്കുന്നത്. തൊട്ടടുത്തെ അയൽസംസ്ഥാനത്തെ ആളുകൾക്കും ചികിത്സ തേടാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയത്. നാടിൻ്റെ വികസനത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ്. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെ ആരോഗ്യസംരക്ഷണത്തിനായി ഇവിടെ ചികിത്സ തേടണമെന്നാണ് സർക്കാർ ലക്ഷ്യമിട്ടുന്നത്. പ്രകൃതി രമണീയമായ സ്ഥലത്താണ് ആയുർവേദ കോളേജ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ ഒ.പി സേവനങ്ങളാണ് ആരംഭിക്കുന്നത്. തുടർന്ന് ഐ.പി സേവനങ്ങൾ ലഭ്യമാക്കും. ഉടുമ്പഞ്ചോലയ്ക്കുള്ള സർക്കാരിൻ്റെ സമ്മാനമാണ് മെഡിക്കൽ കോളേജെന്നും മന്ത്രി പറഞ്ഞു.

സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജാണ് ഉടുമ്പഞ്ചോലയിലേത്. ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് ആശുപത്രി ഒ.പി.ഡി. കോംപ്ലക്‌സ് നിർമ്മിക്കുന്നത്. ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടു നൽകിയ കമ്മ്യൂണിറ്റി ഹാളിലാണ് ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 'പ്രസുതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര- ഓർത്തോപീഡിക്‌സ്, കായ ചികിത്സ- ജനറൽ മെഡിസിൻ' എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവർത്തനം ആരംഭിക്കുന്നത്. ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ എല്ലാ സ്പെഷ്യാലിറ്റികളും ഉണ്ടാകും.

മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന സ്ഥലവും ഒ.പി വിഭാഗം താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കെട്ടിടം മന്ത്രിയും സംഘവും സന്ദർശിച്ചു.

എം. എം മണി എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ മോഹനൻ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. സജികുമാർ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. കുഞ്ഞ്, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന ബിജു, മുൻ എം.എൽ.എ കെ.കെ.ജയചന്ദ്രൻ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.റ്റി.ഡി ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ എന്നിവർ സംസാരിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.