അടിമാലി താലൂക്ക് ആശുപത്രി കാത്ത്‌ലാബിന് 7.5 കോടി രൂപയുടെ അനുമതി, ദേവികുളത്ത് പുതിയ ആശുപത്രി: മന്ത്രി വീണാ ജോര്‍ജ്

*അടിമാലി താലൂക്ക് ആശുപത്രി പുതിയ ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Oct 28, 2025
അടിമാലി താലൂക്ക് ആശുപത്രി കാത്ത്‌ലാബിന് 7.5 കോടി രൂപയുടെ അനുമതി, ദേവികുളത്ത് പുതിയ ആശുപത്രി: മന്ത്രി വീണാ ജോര്‍ജ്
VEENA GEORGE HEALTH MINISTER

 

അടിമാലി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിര്‍വഹിച്ചു. മലയോര മേഖലയില്‍ ആരോഗ്യരംഗത്ത് അനിവാര്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  ഇടുക്കി ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ സർക്കാർ നേഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ ഈ ഗവൺമെൻ്റിന് സാധിച്ചു. ഗോത്രവര്‍ഗപഞ്ചായത്തായ ഇടമലക്കുടിയിലും, വട്ടവട, കാന്തല്ലൂര്‍, അടക്കം പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു. വിസ്തൃതമായ ദേവികുളം താലൂക്കില്‍ ദേവികുളത്ത് പുതിയ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ കാത്ത്‌ലാബിന് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും കഴിയുന്നതും വേഗം കാത്ത്‌ലാബ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. 

ലോകടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ മൂന്നാര്‍, അടിമാലി പ്രദേശങ്ങളില്‍ ചികിത്സാരംഗത്ത് അനിവാര്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, മണ്ഡലത്തില്‍ എംഎല്‍എ എ.രാജ അടക്കം ഒരുപാട് പേരുടെ പ്രയത്‌നഫലമായാണ് ആരോഗ്യരംഗത്തുണ്ടാകുന്ന മാറ്റമെന്നും മന്ത്രി പറഞ്ഞു. ക്യാന്‍സര്‍ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ മാമോഗ്രാഫി മെഷീൻ‍ സ്ഥാപിച്ചിട്ടുള്ളതെന്നും, പരിശോധനകളിലൂടെ ഇത്തരം സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

അടിമാലിയില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച നെടുമ്പള്ളിക്കുടി ബിജുവിന് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. നേഴ്‌സിംഗ് വിദ്യാര്‍ഥിയായ ബിജുവിന്റെ മകളുടെ മുഴുവന്‍ പഠന ചെലവും കോളേജ് ഏറ്റെടുത്തതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിമാലി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി നേരിട്ടെത്തി നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു. 

 

എ.രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രാദേശിക ഉദ്ഘാടനവും, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, മാമോഗ്രാം സ്വിച്ച് ഓണ്‍കര്‍മ്മവും എംഎല്‍എ നിര്‍വഹിച്ചു. അടിമാലി താലൂക്ക് ആശുപത്രിയില്‍ കാത്ത്‌ലാബ് പ്രവര്‍ത്തനത്തിനൊപ്പം ഒരു കാര്‍ഡിയോളജിസ്റ്റ് തസ്തിക കൂടി അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതായി എംഎല്‍എ പറഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയില്‍ 5 കോടി രൂപ ചെലവില്‍ പുതിയ രണ്ട് ബ്ലോക്ക് കൂടി നിര്‍മ്മിക്കുമെന്ന് എംഎല്‍എ പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എംഎല്‍എ അറിയിച്ചു.    

 

ഒ.പി, അത്യാഹിത വിഭാഗം, ഡയഗനോസ്റ്റിക് വിഭാഗം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.91 കോടി രൂപ ചെലവഴിച്ചാണ് ഒ.പി, ഡയഗനോസ്റ്റിക് ബ്ലോക്ക്, മാമോഗ്രാം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. മൂന്ന് നിലകളിലായി 1357 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഒ.പി , ഡ്രസിംഗ് റൂം, ഫാര്‍മസി, എക്സ്-റേ, റ്റി.എം.ആര്‍ യൂണിറ്റ്, കാത്തിരിപ്പ് കേന്ദ്രം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തില്‍ പ്ലംബിംഗ്, ഹൈ ടെന്‍ഷന്‍, വൈദ്യുതി, ലിഫ്റ്റ്, ഫയര്‍ ഫൈറ്റിംഗ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ കേരളം പദ്ധതിയില്‍ 21.14 ലക്ഷം രൂപ ചെലവിലാണ് മാമോഗ്രാഫി മെഷ്യന്‍ ആശുപത്രിയില്‍ സ്ഥാപിച്ചത്.

 

അടിമാലി താലൂക്ക് ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കോയ അമ്പാട്ട്, മേരി ജോര്‍ജ്, സനില രാജേന്ദ്രന്‍, ജയ മധു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ ഷാജി, ചാണ്ടി പി അലക്‌സാണ്ടര്‍, കെ.എം ഷാജി, സിജോ മുണ്ടന്‍ചിറ, ഷെരീഫ് തേളായി, പി.എന്‍ ഉത്തമന്‍, രാജന്‍ വേണാട്, തങ്കച്ചന്‍, അരുണ്‍ പി മാണി എന്നിവര്‍ സംസാരിച്ചു. അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. ഹരിപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ആശുപത്രി സൂപ്രണ്ട് സുനില്‍ കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഖയസ് ഇ.കെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രിയ സംഘടനാ പ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. 

 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.