വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷം സംഘടിപ്പിച്ചു
തിരുവനന്തപുരം :
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് വന്ദേമാതരം രചിച്ചതിന്റെ 150ആം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോടിൻ്റെയും ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൻ്റേയും സംയുക്താഭിമുഖ്യമായത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ പട്ടികവർഗ്ഗ യുവജനവിനിമയ പരിപാടിയിലെ പ്രതിനിധികളും ചേർന്ന് വന്ദേമാതരം ആലപിച്ചു. വന്ദേമാതരം@150 യുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ചടങ്ങുകളും പ്രസംഗവും പ്രതിനിധികൾ വീക്ഷിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ ശ്രീ എം അനിൽകുമാർ ,കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ശ്രീ വെങ്കിടേശ്വരൻ എൻ എസ് , കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ശ്രീ എ പി വിനോദ് കുമാർ, വൈസ് പ്രിൻസിപ്പൽ ശ്രീ വിശ്വനാഥൻ കെ, മേരാ യു ഭാരത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സനൂപ് സി എന്നിവർ സംബന്ധിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജി 1875 ലാണ് തന്റെ ആനന്ദമഠം എന്ന നോവലിൽ വന്ദേമാതരം രചിച്ചത്. സ്വാതന്ത്രസമര കാലഘട്ടത്തിൽ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചത് വന്ദേമാതരം ആയിരുന്നു. ഭരണഘടന നിലവിൽ വന്ന 1950 ജനുവരി 24 ന് ദേശീയഗാനമായ ജനഗണമനയ്ക്കൊപ്പം തുല്യ സ്ഥാനം നൽകി. ഔദ്യോഗിക ചടങ്ങുകളിൽ തുല്യ പ്രാധാന്യത്തോടെ ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു പോരുന്നു. കഴിഞ്ഞ ഒക്ടോബർ ഒന്നിന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നവംബർ 7 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചത് .


