മുഖ്യമന്ത്രിയുമായി സംവദിച്ച് സ്‌കൂൾ വിദ്യാർഥികൾ മുതൽ പ്രഫഷണലുകൾ വരെ
സംവാദം രണ്ടര മണിക്കൂറോളം സംവാദം നീണ്ടു.

കോട്ടയം: കോട്ടയത്തു നടന്ന മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള 21 പേർ മുഖ്യമന്ത്രിയുമായി സംവദിച്ചു. സ്‌കൂൾ, കോളജ് വിദ്യാർഥികൾ, അങ്കണവാടി ജീവനക്കാർ, വ്യവസായികൾ, വ്യാപാരികൾ, ടൂറിസം-സ്‌പോർട്‌സ് മേഖലയിൽനിന്നുള്ളവരടക്കം വിവിധ നിർദ്ദേശങ്ങൾ ഉന്നയിച്ചു. 21 പേരും ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകുകയും സർക്കാർ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ചെയർമാൻ കൂടിയായ കെ.റ്റി. ചാക്കോയാണ് സംവാദത്തിന് തുടക്കമിട്ടത്. യുവാക്കളിൽ ചെറിയൊരു ശതമാനം ലഹരിക്കടിമപ്പെടുകയാണെന്നും അവരുടെ കർമ്മശേഷിയെ ജീവിതത്തിലേക്ക് തിരിച്ചുവിടുന്നതിന് ആവശ്യമായ കായിക വിനോദങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്ത്-നഗരസഭ അടിസ്ഥാനത്തിൽ കായിക പ്രോത്സാഹന സമിതികൾ തദ്ദേശസ്ഥാപനങ്ങളുട നേതൃത്വത്തിൽ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറഞ്ഞ അളവിൽ ലഹരി വസ്തുക്കളുമായി പിടികൂടപ്പെടുന്നവർ നിലവിലെ നിയമങ്ങളനുസരിച്ച് രക്ഷപ്പെട്ട് പോകുകയും വീണ്ടും അതേ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന സ്ഥിതിയുണ്ടെന്നും ഇതിനെ മറികടക്കാൻ ശക്തമായ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരേ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധ്യതിരുവിതാംകൂറിലെ ഏക കസ്റ്റംസ് സ്റ്റേഷനായ കോട്ടയം പോർട്ടിൽ നിന്നും ദേശീയ ജലപാത വഴി വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകളെത്തിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ വികസനം യാഥാർത്ഥ്യമാക്കണമെന്നും തണ്ണീർമുക്കം ബണ്ടിന്റെ പുതിയ പാലത്തിന്റെ നാവിഗേഷൻ ലോക്ക് ഇതുവരെ സഞ്ചാര യോഗ്യമാക്കിയില്ലെന്നും തടസം നീക്കി തുറന്നു തരാൻ നടപടി സ്വീകരിക്കണമെന്നും നാട്ടകം പോർട്ട് എം.ഡി. എബ്രഹാം വർഗീസ് ആവശ്യപ്പെട്ടു. രണ്ടു വിഷയങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യം വലിച്ചെറിയിൽ, നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ തടയാൻ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ച് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ദൈനംദിനമെന്ന വണ്ണം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ജലാശയങ്ങളുടെ സംരക്ഷണത്തിനും വേമ്പനാട് കായലിന്റെ സംരക്ഷണത്തിനും പദ്ധതി ആവിഷ്‌കരിക്കണമെന്നും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കോളജിക്കൽ സയൻസസ് സെക്രട്ടറി ഡോ. പുന്നൻ കുര്യൻ ആവശ്യപ്പെട്ടു. നിർമ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്തി സ്‌കൂൾ പഠന പ്രവർത്തനങ്ങളിൽ വിദ്യാർഥി കേന്ദ്രീകൃത പരിശീലനം യു.പി. തലം മുതൽ ആരംഭിക്കണമെന്നും എ.ഐ. എന്താണെന്നു കുട്ടികൾ അറിയുന്നതിനായി സിലബസിൽ അവ ഉൾപ്പെടുത്തണമെന്നും സ്‌കൂൾ വിദ്യാർഥിയായ നിഷാൻ ഷെറഫ് ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നും ധാരാളം ചെറുപ്പക്കാർ പഠനത്തിനും ജോലിക്കുമായി വിദേശത്ത് പോകുന്ന നിലയുണ്ട്. മസ്തിഷ്‌കച്ചോർച്ച ഗുരുതരമായി നടക്കുന്നുണ്ടെന്നും വൈജ്ഞാനിക സമ്പദ് വ്യവസ്ഥ രൂപീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫാ. ഡോ. ജയിംസ് മുല്ലശ്ശേരി ചോദിച്ചു.
വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി പഞ്ചായത്ത് തലത്തിൽ കൂടുതൽ ഡേ-കെയർ സെന്റർ ആരംഭിക്കുന്നത് ഏറെ പ്രയോജനം ചെയ്യുമെന്നും വയോജനങ്ങളെ ഗ്രാമീണ വികസന കാര്യങ്ങളിൽക്കൂടി പങ്കാളികളാക്കാൻ കഴിയുന്ന പദ്ധതിക്ക് രൂപം നൽകുന്നത് നന്നായിരിക്കുമെന്നും അങ്കണവാടി വർക്കറായ ഡി. സേതുലക്ഷ്മി പറഞ്ഞു.
രോഗീ സേവനങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മാതൃകയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആയി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്നും അവയവ മാറ്റ ശസ്ത്രക്രിയകൾ, ഹൃദ്രോഗം,ഹൃദയ ശസ്ത്രക്രിയ, കാൻസർ ചികിത്സ, ലാപ്പറോസ്‌കോപിക് സർജറി, ഇന്റെർവെൻഷനൽ റേഡിയോളജി എന്നീ വിഭാഗങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആയി പ്രഖ്യാപിക്കണമെന്നും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു.
കുമരകം നാലുപങ്ക് ടൂറിസം പോയിന്റ് ആയി പ്രഖ്യാപിക്കണമെന്നും പാതിരാമണൽ എക്കോ ടൂറിസം കേന്ദ്രമാക്കി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അലക്സ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വേമ്പനാട് കായൽ, ഉൾനാടൻ ജലാശയങ്ങൾ എന്നിവടങ്ങളിൽ പോള ശല്യം നേരിടുന്നുണ്ട്. ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും സർവീസ് ബോട്ടുകളും പോള ശല്യം മൂലം ബുദ്ധിമുട്ടുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ പോള നീക്കുന്നതിന് ഇറിഗേഷൻ വകുപ്പ് മുഖേനയോ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലോ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വഴിയോര വ്യാപാരത്തിന്റെ നിർവചനം ക്രമപ്പെടുത്തി നൽകണമെന്നും വഴിയോര കച്ചകടക്കാരെ വിലക്കാനല്ല, അവർക്ക് നിയമപരമായ ചട്ടക്കൂടിൽ നിന്നു പ്രവർത്തിക്കാനുള്ള നടപടികളുണ്ടാകണമെന്നും വ്യാപാരി വ്യവസായി എകോപന സമിതിയുടെ പ്രതിനിധി എം.കെ. തോമസുകുട്ടി ആവശ്യപ്പെട്ടു. കാമ്പസുകളിൽ വിജ്ഞാനാധിഷ്ഠിത തൊഴിലുകളിൽ ഏർപ്പെടുന്നതിനാവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനം കൂടി ഉൾപ്പെടുത്തണമെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ചുള്ള സംരംഭങ്ങൾ സർവകലാശാലകളിൽ ആരംഭിക്കണമെന്നും സഹകരണ മേഖലയെക്കൂടി ഈ രംഗത്ത് പ്രയോജനപ്പെടുത്താൻ കഴിയുമോയെന്നു പരിശോധിക്കണമെന്നും വിദ്യാർഥി പ്രതിനിധി ലിനു കെ. ജോൺ പറഞ്ഞു.
കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില ക്രമാതീതമായി വർദ്ധിക്കുന്നത് മൂലം മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഇടപെടൽ വേണമെന്നും സുനിൽ ഷാ ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള ലൈസൻസ് ഫീസ് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും വാടകനിയന്ത്രണ നിയമം പാസാക്കി കടയുടമകൾക്കു സഹായകരമാകുന്ന നിലപാട് സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായ സമിതി പ്രതിനിധി ഇ.എസ്. ബിജു പറഞ്ഞു. കോട്ടയത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ചാലക ശക്തിയായിരുന്ന റബർ മേഖല ഇപ്പോൾ നിരവധി പ്രതിസന്ധികളെ നേരിടുകയാണെന്നും ഈ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സർക്കാർ വെള്ളൂരിൽ ആരംഭിച്ച റബർ പാർക്കിനെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ഇടപെടൽ നടത്തണമെന്നും റബർ കർഷനായ ജോസി എബ്രഹാം ആവശ്യപ്പെട്ടു. സംരംഭക സഹകരണ സംഘം ആരംഭിക്കാൻ കഴിയുമോയെന്നും സഹകരണ മേഖലയിൽ ഇൻക്യൂമേബഷൻ സെന്ററുകൾ ആരംഭിക്കാൻ കഴിയുമോയെന്നും പരിശോധിക്കണമെന്നും ഈ നാട് യുവജനസഹകരണസംഘം പ്രസിഡന്റ് സജേഷ് ശശി ആവശ്യപ്പെട്ടു.
കെപിപിഎൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന മികച്ച മാതൃക സർക്കാർ കാട്ടിത്തന്നതായും ഇത്തരം സ്ഥാപനങ്ങളിൽ സാങ്കേതിക നവീകരണം നടത്തി ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ച് ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ഇടപെടൽ നടത്തണമെന്ന് കെ.എസ്. സന്ദീപ് ആവശ്യപ്പെട്ടു. ആഘോഷപരിപാടികളിൽനിന്ന് നാടകം ഒഴിവാക്കപ്പെടുകയാണെന്നും ക്ഷേത്രോത്സവങ്ങളിൽ നിന്ന് നാടകം ഒഴിവാക്കുന്ന പ്രവണത നാടക സമിതികളേയും കലാകാരന്മാരേയും ഗുരുതരമായി ബാധിക്കുന്നുന്നുവെന്നും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് നാടകത്തിന് ഇടം നൽകണമെന്നും പ്രദീപ് മാളവിക പറഞ്ഞു.
മാധ്യമസ്ഥാപനങ്ങളുടെ പരസ്യക്കുടിശിക കുറയ്ക്കാൻ നടപടിയുണ്ടാകണമെന്നും സർക്കാർ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പി.ആർ.ഡി. നിരക്കിൽ നൽകുന്നത് മാറ്റി നൽകാനുള്ള നടപടി വേണമെന്നും ദീപിക എം.ഡി. ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു. സ്വകാര്യസർവകലാശകളായി നിലവിലുള്ള കോളജുകളെയും ട്രസ്റ്റുകളെയും പരിഗണിക്കില്ലെന്ന വ്യവസ്ഥ ആശങ്ക ഉയർത്തുന്നതാണെന്നും പരിഹാരം വേണമെന്നും പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡയറക്ടർ ഫാ. ജെയിംസ് ജോൺ മംഗലത്ത് പറഞ്ഞു.
താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ട് ഈവനിംഗ് ഒ.പി സംവിധാനം നടപ്പാക്കുന്നതിനോടൊപ്പം ജീവനക്കാരുടെ റീ-ഡിസ്ട്രിബ്യൂഷൻ നടപ്പാക്കുന്നത് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്തു പകരുമെന്നും ഡയബറ്റിക് രോഗികൾക്കാവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിക്കുന്ന സംവിധാനം നടപ്പാക്കുന്നത് പ്രായമായവർക്ക് ഏറെ പ്രയോജനകരമാകുമെന്നും രഞ്ജിനി രാജ് പറഞ്ഞു. സഭയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്ന് സി.എസ്.ഐ. സഭ ബിഷപ്പ് ഉമ്മൻ ജോർജ് പറഞ്ഞു.
എല്ലാ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. സംവാദം രണ്ടര മണിക്കൂറോളം സംവാദം നീണ്ടു.