പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടൻ രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയിൽ

കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ ജെഎഫ്‌സിഎം 3 കോടതിയുടെതാണ് നടപടി. തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡിയിൽ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു.‘വേടൻ' എന്നറിയപ്പെടുന്ന മലയാളി റാപ് ഗായകനെ തിങ്കളാഴ്‌ച കഞ്ചാവുമായി പിടിയിലായിരുന്നു. തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിൽ ആറു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതേത്തുടർന്നുള്ള ചോദ്യംചെയ്യലിനിടെയാണ് വേടന്റെ കഴുത്തിലെ മാലയിലുള്ളത് പുലിപ്പല്ലാണെന്നും കണ്ടെത്തിയത്. ഇതേത്തുടർന്ന് വനംവകുപ്പും ഗായകന അറസ്റ്റ് ചെയ്യുകയായിരുന്നു.പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാൽ വേടനും കൂടയുള്ള ഒൻപത് പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചതാണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോയി. പുലിപ്പല്ല് നൽകിയ രഞ്ജിത് കുമ്പിടിയെ അറിയില്ല എന്ന് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.