തൃശ്ശൂർ പൂരം: ഡ്രോൺ നിരീക്ഷണം ശക്തമാക്കും, ക്രമീകരണങ്ങൾ സജ്ജം
മോക്ക് ഡ്രിൽ ഇന്ന്

തൃശ്ശൂർ : പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം തേക്കിൻകാട് മൈതാനത്തു പൂരം ചടങ്ങുകൾ നടക്കുന്ന വിവിധയിടങ്ങൾ സന്ദർശിച്ചു. നേരത്തേ കളക്ടറുടെ അധ്യക്ഷതയിൽ വകുപ്പുമേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പൂരം മുന്നൊരുക്കം യോഗം വിലയിരുത്തി.
പൂരത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10.30-ന് തേക്കിൻകാട് മൈതാനത്ത് മോക്ക് ഡ്രിൽ നടക്കും. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. പൂരം വ്യാജപാസുകൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കും. ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിശ്ചിത അകലത്തിൽ ബോട്ടിൽ ബൂത്തുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. ആവശ്യത്തിന് ഇ-ടോയ്‌ലറ്റുകൾ ഒരുക്കും
ഗതാഗതനിയന്ത്രണം, ക്രമസമാധാനം, ആവശ്യമായ ആംബുലൻസ്, സ്ട്രച്ചറുകൾ എന്നിവയും മെഡിക്കൽ-പോലീസ്-ഫയർഫോഴ്സ് സംഘത്തിന്റെ വിന്യാസവും യോഗം വിലയിരുത്തി. പൂരം ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.