കേരളത്തെ ആഗോള മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കും : പ്രധാനമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു

May 2, 2025
കേരളത്തെ ആഗോള മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കും : പ്രധാനമന്ത്രി
p m narendramodi AT VIZHINJAM

വിഴിഞ്ഞം :സംസ്ഥാന സർക്കാരുമായി സഹകരിച്ചു കേരളത്തെ ഗ്ലോബൽ മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതുയുഗ വികസന മാതൃകയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കേരളത്തിന് സാമ്പത്തിക സുസസ്ഥിരത ഉറപ്പുനൽകും. കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തുറമുഖത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ സുപ്രധാന പുരോഗതിയാണ് വിഴിഞ്ഞം പദ്ധതി. ഭാവിയിൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബിന്റെ ക്ഷമത മൂന്നിരട്ടിയാകും. ഗുജറാത്ത് പോർട്ടിനെക്കാളും വലിയ പോർട്ടാണ് വിഴിഞ്ഞത്ത് അദാനി നിർമ്മിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റ നിർമാണം അദാനി അതിവേഗം പൂർത്തിയാക്കി. രാജ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് മേഖലയിൽ 75 ശതമാനവും വിദേശരാജ്യങ്ങളിലൂടെയാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിലൂടെ അതിന് മാറ്റമുണ്ടാകും. ട്രാൻസ്ഷിപ്പ്മെന്റ് മേഖലയിലൂടെ വിഴിഞ്ഞം തുറമുഖം രാജ്യപുരോഗതിക്ക് വലിയ പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോള കപ്പൽ നിർമ്മാണ മേഖലയിൽ ആദ്യ 20 രാജ്യങ്ങളിൽ ഇന്ത്യയുണ്ട്. കഴിഞ്ഞ 10 വർഷത്തിൽ ഇന്ത്യയിലെ തുറമുഖങ്ങളുടെ കാര്യക്ഷമത വർധിച്ചു. കാർഗോ ഇറക്കുന്നതിൽ 30 ശതമാനം സമയക്കുറവ് വരുത്താനായി. ഇതിലൂടെ കൂടുതൽ കാർഗോ കൈകാര്യം ചെയ്യാൻ കഴിയും. ഭാരതത്തിന്റെ തീരമേഖലയിലെ തുറമുഖ നഗരങ്ങൾ വികസിത ഭാരതം 2047 ലേക്കുള്ള രാജ്യപുരോഗതിയുടെയും സമൃദ്ധിയുടെയും ചാലകശക്തിയാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കോടികണക്കിന് രൂപയുടെ നിക്ഷേപപദ്ധതികൾ നടക്കുകയാണ്. തുറമുഖ സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും രാജ്യം പ്രയോജനപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാഗർമാല പദ്ധതിയിലൂടെയും പി.എം. ഗതിശക്തി പദ്ധതിയിലൂടെയും തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവും റോഡ്, റെയിൽ, എയർപോർട്ട്, തുറമുഖ കണക്റ്റിവിറ്റിയും സാധ്യമാക്കി. പൊന്നാനി, പുതിയപ്പ തുറമുഖങ്ങളുടെ നവീകരണവും ഏറ്റെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഈസ് ഓഫ് ഡൂയിങ് ബിസിനസിനും സഹായകമാണ്. കിസാൻ ക്രെഡിറ്റ് കാർഡുകൾ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കി. കൊച്ചിയിൽ കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ സ്ഥാപിച്ചു വികസനവും തൊഴിൽ അവസരവും കൂട്ടും. ഇന്ത്യ യൂറോപ് കോറിഡോറും കേരളത്തിന് ലാഭം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ ജി.ആർ അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ജോൺ ബ്രിട്ടാസ്, എ എ റഹീം, എം വിൻസെന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുത്തു. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.