തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു; മരണകാരണം ന്യുമോണിയ ബാധ
17 വയസ്സ് പ്രായമുള്ള മനു എന്ന ബംഗാൾ കടുവയാണ് തിങ്കളാഴ്ച രാവിലെ ചത്തത്.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു. 17 വയസ്സ് പ്രായമുള്ള മനു എന്ന ബംഗാൾ കടുവയാണ് തിങ്കളാഴ്ച രാവിലെ ചത്തത്. കരൾരോഗ ബാധിതനായതിനെ തുടർന്ന് 2023 ഡിസംബർ മുതൽ പ്രത്യേക ചികിത്സയിലായിരുന്നു.മൃഗശാലയിൽത്തന്നെ ജനിച്ചുവളർന്ന കടുവയാണ് മനു. ഇവിടത്തെ കരിഷ്മ എന്ന കടുവയ്ക്ക് 2007 ജനുവരി 13-നാണ് ഈ എന്ന ആൺകടുവ ജനിച്ചത്. കടുവകളുടെ ശരാശരി ആയുസ്സ് 12 വയസ്സാണെങ്കിലും മൃഗശാലകളിൽ 17-19 വയസ്സ് വരെ കടുവകൾ ജീവിക്കാറുണ്ട്.രോഗാവസ്ഥയിലാകുന്നതിനുമുമ്പ് ഈ കടുവ ദിവസം ഏഴ് കിലോ ഇറച്ചി കഴിച്ചിരുന്നു. എന്നാൽ, പിന്നീട് എല്ലിൽനിന്ന് ഇറച്ചി സ്വയം കടിച്ചെടുക്കാൻ കഴിയാതെയായി. പിന്നീട്, ആടിന്റെ എല്ലില്ലാത്ത ഇറച്ചിയും സൂപ്പും പാലുമൊക്കെയായിരുന്ന ഭക്ഷണമായി നൽകിയിരുന്നത്.