കെ.എസ്.ആർ.ടി.സിയുടെ യജമാനൻമാർ ബസിൽ കയറുന്ന യാത്രക്കാരാണ്, അവരെ ഭയപ്പെടുത്തുന്ന രീതിയിൽ വണ്ടിയോടിക്കരുത്;കെ.എസ്.ആർ.ടി.സി ഡ്രൈവർമാരോട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ
പരമാവധി യാത്രക്കാരെ ബസിൽ കയറ്റാനുള്ള സമീപനമാകണം ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും മന്ത്രി വിഡിയോ സന്ദേശത്തിൽ പറഞ്ഞു
തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോൾ ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ കൂടി പരിഗണിക്കണമെന്നും സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരോട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയുടെ യജമാനൻമാർ ബസിൽ കയറുന്ന യാത്രക്കാരാണ്. അവരെ ഭയപ്പെടുത്തുന്ന രീതിയിൽ വണ്ടിയോടിക്കരുത്. പരമാവധി യാത്രക്കാരെ ബസിൽ കയറ്റാനുള്ള സമീപനമാകണം ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും മന്ത്രി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.“കെ.എസ്.ആർ.ടി.സി ഒരുപാട് അപകടങ്ങളുണ്ടാക്കുന്നുവെന്ന ആക്ഷേപം എല്ലാ കാലത്തുമുണ്ട്. അടുത്തിടെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേക പരിശോധന നടത്തിയിരുന്നു. അതിനുശേഷം അപകടങ്ങൾ വളരെയേറെ കുറഞ്ഞിട്ടുണ്ട്. ആഴ്ചയിൽ ആറോ ഏഴോ മരണങ്ങൾ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ അശ്രദ്ധ മൂലം സംഭവിച്ചത് ഇപ്പോൾ ഒന്നോ രണ്ടോ ആയി കുറഞ്ഞിരിക്കുന്നു. അത് പൂർണമായും ഇല്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം. വലിയ അപകടങ്ങളുടെ എണ്ണം കുറഞ്ഞു. സ്വിഫ്റ്റ് ബസുകൾ തട്ടി മരണം ഇല്ലാതായിട്ടുണ്ട്.കെ.എസ്.ആർ.ടി.സിയുടെ യജമാനൻമാർ ബസിൽ കയറുന്ന യാത്രക്കാരാണ്. അവരെ ഭയപ്പെടുത്തുന്ന രീതിയിൽ വണ്ടിയോടിക്കരുത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണിത്. സമയത്തിന് സുരക്ഷിതമായി എത്താൻ കഴിയുന്ന സ്ഥിതിയുണ്ടായാൽ വിശ്വസിക്കാവുന്ന പൊതുഗതാഗത സംവിധാനമായി ആളുകൾ കെ.എസ്.ആർ.ടി.സിയെ സ്വീകരിക്കും. നമ്മുടെ റോഡുകളുടെ പരിമിതി മനസ്സിലാക്കിക്കൊണ്ടു വേണം വാഹനമോടിക്കാൻ.ചെറിയ വാഹനങ്ങളിൽ, സ്കൂട്ടറിലും കാറിലുമൊക്കെ വരുന്നവരെ തട്ടാതെ നോക്കണം. നമ്മുടേത് വലിയ വാഹനമാണ്. തട്ടിയാൽ നമുക്കൊന്നും പറ്റില്ല. പക്ഷേ അവരുടെ സ്ഥിതി അതാവണമെന്നില്ല. അവർ ഒഴിഞ്ഞു പൊക്കോട്ടെ, നമ്മൾ മത്സര ഓട്ടത്തിനു പോവേണ്ട. ചിലർ സ്കൂട്ടറുമായി വന്ന് സർക്കസൊക്കെ കാണിച്ചേക്കാം. അവരെ അങ്ങു ക്ഷമിച്ചു വിട്ടേക്കുക. അവരുമായോ പ്രൈവറ്റ് ബസുമായോ നിങ്ങൾ മത്സരത്തിനു പോവേണ്ട. നിങ്ങൾ കൂടുതൽ പക്വത കാണിക്കുക. മത്സര ഓട്ടത്തിന്‍റെ ഫലം ചിലപ്പോൾ റോഡിൽ നിൽക്കുന്ന നിരപരാധിയുടെ മരണമാകാം. അത് അയാളുടെ കുടുംബത്തെ വലിയ രീതിയിൽ ബാധിക്കും. അതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കുക.
ബസുകൾ സ്റ്റോപ്പിൽ നിർത്തുമ്പോൾ എപ്പോഴും പരമാവധി ഇടതുവശം ചേർത്തുനിർത്തുക. മറുവശത്തുനിന്നു വരുന്ന ബസ് ഒരിക്കലും സമാന്തരമായി നിർത്തി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെ ശ്രദ്ധിക്കുക. സ്വകാര്യ ബസുകൾക്കും ഇക്കാര്യം ബാധകമാണ്. മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും അർഹിക്കുന്ന പരിഗണന നൽകുക. വാഹമോടിക്കമ്പോൾ ഒരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
കൈകാണിക്കുന്നവർക്കു മുന്നിൽ ബസ് നിർത്തിക്കൊടുക്കണം. സ്റ്റോപ്പിലേ നിർത്തൂ എന്ന് വാശി പിടിക്കരുത്. ആളു കേറിയാൽ മാത്രമേ നമുക്ക് വരുമാനം ഉണ്ടാവുകയുള്ളൂ. പകലും രാത്രിയും ഇക്കാര്യം ശ്രദ്ധിക്കണം. സൂപ്പർ ഫാസ്റ്റ് ആണെങ്കിൽ പോലും ആളെ കയറ്റാൻ തയാറാവണം. സീറ്റ് റിസർവ് ചെയ്തവരെ നിർബന്ധമായും ബസിൽ കയറ്റിയിരിക്കണം” -മന്ത്രി പറഞ്ഞു.