നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ഇന്ന് തുടക്കമാവും;സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും ആർട്സ് & സയൻസ് കോളേജുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്.
തിരുവനന്തപുരം : കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ഇന്ന് തുടക്കമാവും. നാലുവർഷ ബിരുദ പരിപാടിയിലെ ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ഇന്ന് വിജ്ഞാനോത്സവമായി സംസ്ഥാനത്തെ ക്യാമ്പസുകളെല്ലാം ആഘോഷിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും ആർട്സ് & സയൻസ് കോളേജുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടി. നാലുവർഷ ബിരുദ പരിപാടിക്കായുള്ള ഏകീകൃത അക്കാദമിക് കലണ്ടർ തയ്യാറാക്കി കഴിഞ്ഞു. ഇതുപ്രകാരമാണ് ഇന്ന് മുതൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ക്ലാസ് ആരംഭിക്കുക. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വിമൻസ് കോളേജിൽ നിർവഹിക്കും.അതേസമയം ക്യാമ്പസുകളിൽ രാവിലെത്തന്നെ നവാഗത വിദ്യാർത്ഥികളെ മുതിർന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ വരവേൽക്കും. പുതിയ വിദ്യാർത്ഥികൾക്കായി നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയൻ്റേഷൻ ക്ലാസും ഉണ്ടാവും.