കേരള പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പിലാക്കാനൊരുങ്ങി ജില്ലാ ആരോഗ്യവകുപ്പ്
വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാനായാണ് നടപടി.
കൊച്ചി: കേരള പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പിലാക്കാനൊരുങ്ങി ജില്ലാ ആരോഗ്യവകുപ്പ്. വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാനായാണ് നടപടി.മേയ് മൂന്നാം വാരം മുതൽ പിഴയോടുകൂടി നിയമം നടപ്പിലാക്കിത്തുടങ്ങും. ഈ വർഷം 771 ഡെങ്കി കേസുകളാണ് ജില്ലയിലുണ്ടായത്. 2261 സംശയിക്കപ്പെടുന്ന കേസുകളും ഡെങ്കി സംശയിക്കുന്ന അഞ്ച് മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, മരട് മുനിസിപ്പാലിറ്റികളിലും കൊച്ചിൻ കോർപ്പറേഷനിലെ വടുതല ഈസ്റ്റ്, പച്ചാളം, തട്ടാഴം, മട്ടാഞ്ചേരി, മങ്ങാട്ടുമുക്ക് പ്രദേശങ്ങളിലും ചൂർണിക്കര, എടത്തല, കടുങ്ങല്ലൂർ, കീഴ്മാട്, വെങ്ങോല, അയ്യമ്പുഴ പഞ്ചായത്തുകളിലുമാണ് ഈ വർഷം ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് 16 മുതൽ 'മഴയെത്തും മുൻപേ, ശ്രദ്ധയോടെ എറണാകുളം' മഴക്കാലപൂർവ ശുചീകരണ കാമ്പയിനും തുടക്കമാകും.2023-ലാണ് സംസ്ഥാനത്ത് കേരള പൊതുജനാരോഗ്യ നിയമം നിലവിൽ വന്നത്. ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിൽ വരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് ഏതു സ്ഥാപനവും പരിസരവും നോട്ടീസ് കൂടാതെ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും നിയമം അധികാരം നൽകുന്നു.ഡെങ്കിപ്പനി ഭീഷണി കൂടിവരുന്ന സാഹചര്യത്തിൽ മഴക്കാലത്തിനു മുൻപേ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പകർച്ചവ്യാധി പ്രതിസന്ധി ഉണ്ടാകാം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും കർശന പരിശോധന നടത്തും. വീടുകളും സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കി നിയമ നടപടി ഒഴിവാക്കാൻ ശ്രദ്ധിക്കണം.