അടിസ്ഥാനസൗകര്യ വികസനമേഖലയിൽ പൊതു-സ്വകാര്യ സംരംഭങ്ങൾ;പഠിക്കാൻ ശുപാർശയുമായി യു.ജി.സി
സർവകലാശാലകളിലെയും കലാലയങ്ങളിലെയും വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും ഇതു സംബന്ധിച്ച കോഴ്‌സുകൾ പഠിക്കണമെന്നാണ് ഉപദേശം
തൃശ്ശൂർ: അടിസ്ഥാനസൗകര്യ വികസനമേഖലയിൽ പൊതു-സ്വകാര്യ സംരംഭങ്ങൾ എങ്ങനെയായിരിക്കണമെന്ന വിഷയത്തിൽ ശാസ്ത്രീയപഠനത്തിന് പ്രചോദിപ്പിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ.സർവകലാശാലകളിലെയും കലാലയങ്ങളിലെയും വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും ഇതു സംബന്ധിച്ച കോഴ്‌സുകൾ പഠിക്കണമെന്നാണ് ഉപദേശം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലെ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് സെക്രട്ടേറിയറ്റും ലോകബാങ്കും ചേർന്ന് വികസിപ്പിച്ച ഇ- കോഴ്‌സ് ഇതിനായി പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്.
അഞ്ച് മൊഡ്യൂളുകളായി തയ്യാറാക്കിയിരിക്കുന്ന ഇ-കോഴ്‌സിന്റെ ബ്രോഷറും നിർദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിന് സ്വകാര്യമേഖലയുടെ പങ്ക് എല്ലാ രംഗത്തേക്കും വ്യാപിപ്പിക്കുകയെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. ശാസ്ത്രീയമായും ഫലപ്രദമായും ഇത്തരം പങ്കാളിത്തം എങ്ങനെ നടപ്പാക്കാമെന്നതാണ് കോഴ്‌സിന്റെ ഉള്ളടക്കം.പൊതു-സ്വകാര്യ പങ്കാളിത്തം എന്താണ്, എങ്ങനെയാണ് നടപ്പാക്കേണ്ടത് തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ വിശദമായിത്തന്നെ പഠിപ്പിക്കും. പുറമേ, ഏറ്റവും മികച്ച മാതൃകകൾ മുൻനിർത്തിയുള്ള പ്രായോഗിക പരിശീലനവുമുണ്ടാകും. അടിസ്ഥാനസൗകര്യവികസനത്തിൽ സ്വകാര്യമേഖലയുടെ അതിരില്ലാത്ത സാധ്യതകൾ അടുത്തറിയുകയെന്നതാണ് കോഴ്‌സിന്റെ പരമമായ ലക്ഷ്യമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സാധ്യത ഭാവിയിലെ തൊഴിലും നാടിന്റെ വികസനവും മുൻനിർത്തി കൂടുതൽ അറിയണമെന്ന ഉപദേശമാണ് യു.ജി.സി. മുന്നോട്ടുവെക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് ഇത്തരം മാതൃകകൾ പ്രയോജനപ്പെടുത്താനാകുമെന്നും കമ്മിഷൻ കരുതുന്നു. കോളേജുകളും സർവകലാശാലകളും ഇത്തരം വികസന പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്നവരെ കോഴ്‌സിൽ പങ്കാളികളാക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.