സ്പോർട്‌സ് ക്വാട്ടയ്ക്കു പിന്നാലെ മദ്രാസ് ഐ.ഐ.ടി.യിൽ ആർട്ടിസ്റ്റ്‌സ് ക്വാട്ടയും വരുന്നു
വരുംവർഷങ്ങളിൽ ഐ.ഐ.ടി. പ്രവേശനത്തിന് ആർട്ടിസ്റ്റ്‌സ് ക്വാട്ടയും ഉണ്ടാവുമെന്ന് മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടി പറഞ്ഞു.

ചെന്നൈ: സ്പോർട്‌സ് ക്വാട്ടയ്ക്കു പിന്നാലെ മദ്രാസ് ഐ.ഐ.ടി.യിൽ ആർട്ടിസ്റ്റ്‌സ് ക്വാട്ടയും വരുന്നു. കലാരംഗത്ത് കഴിവുതെളിയിച്ചവർക്കാവും ഈ ക്വാട്ടയിൽ ഐ.ഐ.ടി. പ്രവേശനം നൽകുക.വരുംവർഷങ്ങളിൽ ഐ.ഐ.ടി. പ്രവേശനത്തിന് ആർട്ടിസ്റ്റ്‌സ് ക്വാട്ടയും ഉണ്ടാവുമെന്ന് മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടി പറഞ്ഞു. അതിന് സുതാര്യമായ മാനദണ്ഡങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) റാങ്ക്‌ലിസ്റ്റിലുള്ളവരെമാത്രമേ ഇതിന് പരിഗണിക്കുകയുള്ളൂ.ബിരുദകോഴ്‌സുകളിലെ പ്രവേശനത്തിന് സ്പോർട്‌സ് ക്വാട്ട ഏർപ്പെടുത്താൻ മദ്രാസ് ഐ.ഐ.ടി. തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഐ.ഐ.ടി.യിൽ സ്പോർട്‌സ് ക്വാട്ടയിൽ പ്രവേശനം അനുവദിക്കുന്നത്. ബിരുദകോഴ്‌സുകളിൽ രണ്ടുസീറ്റുവീതം അധികം സൃഷ്ടിച്ചാണ് സ്പോർട്‌സ് ക്വാട്ട ഏർപ്പെടുത്തുക. ഒരു സീറ്റ് വനിതകൾക്ക് സംവരണംചെയ്യും. 2024-25 അധ്യയനവർഷം ഇത് പ്രാബല്യത്തിൽ വരും.കായികമേളകളിൽ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ മെഡൽനേടിയവരെയാണ് സ്പോർട്‌സ് ക്വാട്ടയിൽ പരിഗണിക്കുക.