ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം വീണ്ടും നീട്ടിവെച്ചു
പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണമാണിത്
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ വിക്ഷേപണം രണ്ടാം തവണയും മുടങ്ങി. പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണമാണിത്. എന്നാൽ പ്രൊപ്പൽഷൻ മോഡ്യൂളിലുണ്ടായ തകരാറിനെ തുടർന്ന് ദൗത്യം മാറ്റിവെക്കുകയായിരുന്നു. മേയ് 17 ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചെങ്കിലും ദൗത്യം വീണ്ടും നീട്ടിവെച്ചു.മെയ് 25 ലേക്കാണ് മാറ്റിയത്. സര്‍വീസ് മോഡ്യൂളില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതാണ് രണ്ടാമതും ദൗത്യം മാറ്റിവെക്കാനിടയാക്കിയത്.നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി കാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസ് (58) എന്നിവരാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ യാത്രികര്‍.എന്നാല്‍ സ്റ്റാര്‍ലൈനര്‍ ദൗത്യം കാലതാമസം നേരിടുന്നത് ഇത് ആദ്യമായല്ല. 2010 ലാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിനൊപ്പം സ്റ്റാര്‍ലൈനര്‍ പേടകത്തിനുള്ള കരാര്‍ ബോയിങിന് ലഭിച്ചത്. 2017 ലാണ് ആദ്യ പരീക്ഷണ ദൗത്യത്തിന് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 2019 ഡിസംബര്‍ 20നാണ് സ്റ്റാല്‍ലൈനറിന്റെ ആദ്യ ആളില്ലാ വിക്ഷേപണ ദൗത്യം നടത്തിയത്. എന്നാല്‍ ഈ ദൗത്യം വിജയകരമായില്ല. സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം രണ്ട് ദിവസമാക്കി ചുരുക്കുകയും പേടകം സുരക്ഷിതമായി ഭൂമിയില്‍ ഇറക്കുകയും ചെയ്തു. പിന്നീട് 2022 മേയ് 19 നാണ് പേടകത്തിന്റെ രണ്ടാം ആളില്ലാ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കി.സ്റ്റാര്‍ലൈനറിന് ഏഴ് യാത്രികരെ ഒരേ സമയം വഹിക്കാന്‍ ശേഷിയുണ്ട് ഏഴ് മാസക്കാലം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത് നിര്‍ത്താനാവും. പത്ത് ദൗത്യങ്ങള്‍ക്ക് വരെ പുനരുപയോഗിക്കാന്‍ സാധിക്കും വിധമാണ് ഈ പേടകത്തിന്റെ രൂപകല്‍പന.