കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരള പോലീസ് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

Jun 30, 2025
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരള പോലീസ് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി
pinarai vijayan cm

മുഖ്യമന്ത്രി

post

പിണറായി പോലീസ് സ്റ്റേഷൻ കെട്ടിട്ടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി

കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതാണ് കേരള പോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതികവിദ്യയുടെ പുരോഗതി ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിന് മികച്ച സൈബർ പോലീസ് വിഭാഗമാണ് കേരള പോലീസിനുള്ളത്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിലാണ് കേരള പോലീസ് പ്രവർത്തിക്കുന്നത്. കൂടാതെ നാടിന്റെ സമാധാനന്തരീക്ഷം നിലനിർത്തുന്നതിൽ പോലീസിന്റെ ഇടപെടൽ സ്തുത്യർഹമാണ്. വർഗീയ സംഘർഷങ്ങൾ ഇല്ലാതെ നാടിന്റെ ക്രമസമാധാനം ഭദ്രമാണ്. പോലീസിന്റെ ഫലപ്രദമായ ഇടപെടൽ മൂലമാണ് വർഗീയ സംഘർഷങ്ങൾ ഇല്ലാതെ സംസ്ഥാനത്ത് സമാധാനം നിലനിൽക്കുന്നത്. രാജ്യത്തെ വർഗീയശക്തികൾ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം വർഗീയശക്തികൾക്ക് ഒരുവിധ പ്രവർത്തനത്തിനുമുള്ള സാഹചര്യമല്ല ഇവിടെയുള്ളത്. കേരള പോലീസിന്റെ മുഖം നോക്കാതെയുള്ള നടപടികളാണ് ഇത്തരം സാഹചര്യമില്ലാതാക്കുന്നത്.

പോലീസിൽ സമൂലമായ മാറ്റം ഉണ്ടായ കാലമാണ് പിന്നിട്ടത്. പോലീസിന്റെ മുഖം മനുഷ്യോൻമുഖമായി മാറിയ കാലം. ഒരുപാട് ദുരന്തങ്ങൾ ഏറ്റുവാങ്ങിയ കേരളീയ സമൂഹമാണിത്. ഈ ദുരന്തകാലത്ത് വിഷമത അനുഭവിക്കുന്ന ജനത്തോടൊപ്പം നല്ല നിലയിലാണ് പോലീസ് പ്രവർത്തിച്ചത്. ദുരന്തമുഖത്ത് മുന്നിൽ പോലീസ് ഉണ്ടായിരുന്നു. വലിയ ദുരന്തം ആകുമ്പോൾ വലിയ ഏജൻസികൾ എത്താനുള്ള കാലതാമസത്തിനിടയ്ക്ക് പോലീസും ഫയർഫോഴ്സുമാണ് മുൻപിൽ നിന്ന് സേവനങ്ങൾ ചെയ്തത്. പ്രളയകാലത്ത് മാതൃകാപരമായി ഇടപെടൽ നടത്തിയ ഒട്ടേറെ പോലീസുകാർ നമ്മുടെ സേനയിൽ ഉണ്ട്. കോവിഡ് കാലത്തും എല്ലാ മേഖലയിലും പോലീസ് വലിയതോതിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ പോലീസ് ജനമൈത്രി അക്ഷരാർത്ഥത്തിൽ എല്ലായിടത്തും നടപ്പിലായി. ജനങ്ങളുമായി സൗഹൃദത്തിൽ ഇടപെടുന്ന സേനയായി കേരള പോലീസ് മാറി. മൃദുഭാവവും കൃത്യനിർവഹണത്തിൽ ദൃഢ കർത്തവ്യവുമാണ് പോലീസിന്റെ മുഖമുദ്ര. നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കുറ്റവാളി എവിടെ ഒളിച്ചാലും കണ്ടുപിടിക്കാൻ കേരള പോലീസിന്റെ മികവിന് കഴിയും.

രാജ്യത്ത് ഏറ്റവും കുറച്ച് അഴിമതിയുള്ള സേനയാണ് കേരളത്തിലെ പോലീസ് സേന. കേരളത്തിലെ എല്ലാ മേഖലകളിലും അഴിമതി കുറവാണ്. ഇതിന്റെ കാരണം പോലീസിന്റെ ഫലപ്രദമായ ഇടപെടലുകളാണ്. എന്നാൽ സമൂഹത്തിന്റെ പരിച്ഛേദമായ പോലീസ് സേനയ്ക്കകത്ത് ആരെങ്കിലും സേനയ്ക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്യുകയോ കുറ്റകൃത്യത്തിൽ ഭാഗമാവുകയോ ചെയ്താൽ അവർക്കെതിരെ കർശനമായ നടപടിയാണ് ഉണ്ടാകുന്നത്.

അടുത്തകാലത്തായി കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് ഉയർന്ന വിദ്യാഭ്യാസം നേടിയവരാണ് പോലീസിൽ ചേർന്നു വരുന്നത് എന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത എന്ന് പറഞ്ഞാൽ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യത, ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദം എന്നിവ നേടിയവർ ആണ് പോലീസിലേക്ക് വരുന്നത്. ഇത് വലിയ കാര്യമാണ്. കുറച്ചുകാലം കൊണ്ട് തന്നെ പോലീസിന്റെ റിക്രൂട്ട്മെന്റ് നടക്കുമ്പോൾ ഇത്തരം വലിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ വലിയ ആധിക്യമാണ് ഉണ്ടാകുന്നത്. ഇത് സേനയിൽ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. അവർ ചില പ്രത്യേക മേഖലകളിൽ ധിഷണാ ശക്തിയോടെ ഇടപെടാൻ ശ്രമിക്കുന്നു. പോലീസിനകത്ത് വനിതാ പ്രാതിനിധ്യം വളരെ വർദ്ധിക്കുന്നു. പുതിയതായി ഒരു വനിത ബെറ്റാലിയൻ തന്നെ പോലീസ് സേനയിൽ ചുമതലയേറ്റു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുക എന്നതും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഒരുക്കുക എന്നതും സർക്കാരിന്റെ പ്രത്യേക പരിഗണനയുള്ള കാര്യമാണ്. പൊലീസ് സേനയിൽ വനിതകളുടെ എണ്ണം കൂടുന്നതോടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്കെതിരെ നല്ല രീതിയിൽ ഇടപെടാൻ സേനയ്ക്ക് കഴിയുന്നുണ്ട്. ഇത്തരത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സേനയ്ക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് സർക്കാരിന്റെ കടമയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടം ഈ വർഷം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് കരാറുകാരായ പിണറായി പിക്കോസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മൂന്ന് നിലകളിലായി മൂന്ന് കോടി രൂപ ചെലവിലാണ് പോലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. പിണറായി പഞ്ചായത്താണ് ഇതിനായി 25 സെന്റ് സ്ഥലം നൽകിയത്. ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, നോർത്ത് സോൺ ഐ ജി പി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗീത, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് എന്നിവർ സംസാരിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.