ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്ക്കാരം ബൈജു ചന്ദ്രന്
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമാണിത്
തിരുവനന്തപുരം : ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്ക്കാരം ബൈജു ചന്ദ്രന്. മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമാണിത്. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. 2022ലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
സംവിധായകന്‍ കമല്‍ ചെയര്‍മാനും ഡോക്യുമെന്ററി സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിന്‍, മുന്‍ദൃശ്യമാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ടി.കെ സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
1985 മുതല്‍ നാലു പതിറ്റാണ്ടുകാലമായി വിദ്യാഭ്യാസം, വിജ്ഞാനം, വിനോദം എന്നിവയുടെ വിനിമയത്തിനായി ടെലിവിഷന്‍ മാധ്യമത്തെ സര്‍ഗാത്മകമായി വിനിയോഗിച്ച വ്യക്തിയാണ് ബൈജു ചന്ദ്രന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു. വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിതപരിപാടികള്‍, ടെലിഫിലിമുകള്‍ എന്നീ മേഖലകളില്‍ അദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചരിത്രം, സംസ്‌കാരം, സൗന്ദര്യശാസ്ത്രം എന്നിവയില്‍ ഊന്നിയ രചനകളിലൂടെ ടെലിവിഷന്‍ മാധ്യമത്തെ അക്കാദമികമായി സ്ഥാനപ്പെടുത്തുന്നതിലും അദ്ദേഹം സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയതായി ജൂറി വിലയിരുത്തി.