സുഗതകുമാരി പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു: രാജ്‌നാഥ് സിംഗ്

വികസനം ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കരുത്

Jan 23, 2025
സുഗതകുമാരി പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു: രാജ്‌നാഥ് സിംഗ്
rajnath sing

ആറന്മുള: ഭാരതത്തിന്റെ ഭരണഘടന പരിസ്ഥിതി സംരക്ഷണത്തിനും വനസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നതാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ നവതിയാഘോഷങ്ങളുടെ സമാപന സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ നടന്ന പരിപാടി സമൂഹത്തിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് പരിസ്ഥിതി സംരക്ഷണം, ഭരണഘടന വിഭാവനം ചെയ്യുന്നു അത്. ഭരണഘടനാ ശില്പികൾ ഈ സംസ്‌കാരത്തെ തിരിച്ചറിഞ്ഞിരുന്നു. പരിസ്ഥിതിയെ അധിനിവേശം ചെയ്യാനുള്ളതല്ല. മറിച്ച് ആരാധിക്കാനുള്ളതാണെന്ന് നമ്മൾ തിരിച്ചറിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

ചൂഷണത്തിന് വിധേയമാക്കാനുള്ളതല്ല പ്രകൃതി. സുഗതകുമാരി പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു. ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കുന്നത് ആകരുത് വികസനം. വികസനം സുസ്ഥിരമായിരിക്കണം. പൊതുനന്മക്കായി കവിതകളെ സുഗത കുമാരി ഉപയോഗിച്ചുവെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മികച്ച പ്രകൃതി സംരക്ഷകനുള്ള സുഗത നവതി പുരസ്‌കാരം പരിസ്ഥിതി പ്രചാരകൻ ശ്രീമൻ നാരായണന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് സമ്മാനിച്ചു. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. കൊവിഡ് കാലഘട്ടത്തിൽ പ്രകൃതി സംരക്ഷണത്തിനും മനുഷ്യപരിചരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.

സുഗതവനം കേരളത്തിന് പുറത്ത് ആദ്യമായി സ്ഥാപിച്ചത് ബംഗാളിലാണെന്ന് സി.വി ആനന്ദബോസ് പറഞ്ഞു. നൂറിലധികം മരങ്ങൾ ബംഗാളിൽ നട്ടു. സുഗതകുമാരി ടീച്ചറുടെ കവിതകൾ ചൊല്ലിയാണ് ബംഗാളിലും വൃക്ഷങ്ങൾ നട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഗതകുമാരിയുടെ 91-ാം ജന്മവാർഷിക ദിനത്തിലാണ് സുഗതോത്സവം എന്ന പേരിൽ നാല് ദിവസങ്ങളായി സംഘടിപ്പിച്ചുവന്ന പരിപാടിക്ക് തിരശ്ശീല വീണത്.

നവതി ആഘോഷ കേന്ദ്രസമിതി അംഗവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നവതി ആഘോഷകമ്മിറ്റി ചെയർമാൻ കുമ്മനം രാജശേഖരൻ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സുഗതസൂക്ഷ്മവനം പദ്ധതി സമ്മതപത്രം ഡോ.ഇന്ദിര രാജനിൽ നിന്ന് സ്വീകരിച്ചു. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റി അജയകുമാർ വല്യുഴത്തിൽ സ്വാഗതം ആശംസിച്ചു. ഡോ.എം.വി.പിള്ള പ്രഭാഷണം നടത്തി. സുഗതകുമാരി നവതി ആഘോഷ സമിതി, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.