എസ്.എസ്.എൽ.സി: ജില്ലയിൽ 99.81 ശതമാനം വിജയം
പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് 100 ശതമാനം • 2632 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

• പരീക്ഷയെഴുതിയ 18531 പേരിൽ 18495 പേർക്ക് തുടർവിദ്യാഭ്യാസ യോഗ്യത
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് 99.81 ശതമാനം വിജയം. സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയ രണ്ട് വിദ്യാഭ്യാസ ജില്ലകളിലൊന്ന് പാലാ ആണെന്നതും ജില്ലയ്ക്ക് അഭിമാനമായി. ഇവിടെ പരീക്ഷയെഴുതിയ 3054 വിദ്യാർഥികളും തുടർവിദ്യാഭ്യാസയോഗ്യത നേടി.
ജില്ലയിൽ പരീക്ഷയെഴുതിയ 18531 കുട്ടികളിൽ 18495 പേർ തുടർവിദ്യാഭ്യാസ യോഗ്യത നേടി. 9326 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 9302 പേരും 9205 പെൺകുട്ടികളിൽ 9193 പേരും തുടർവിദ്യാഭ്യാസ യോഗ്യത നേടി. 2632 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി(ആൺകുട്ടികൾ- 857, പെൺകുട്ടികൾ-1775).
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ 99.53 ശതമാനം പേരും(5082ൽ 5058) കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ 99.89 ശതമാനം പേരും(7375ൽ7367)
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ 99.87 ശതമാനം പേരും(3020ൽ3016) തുടർപഠനത്തിന് അർഹരായി.
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ 977 പേരും കാഞ്ഞിരപ്പള്ളിയിൽ 629 പേരും പാലായിൽ 590 പേരും കടുത്തുരുത്തിയിൽ 436 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവും കൂടുതൽപേർ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്നോളജിക്കാണ്(14928). ഏറ്റവും കുറവ് ഗണിതത്തിനും(4310).