വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇന്ന് സന്ദർശനം നടത്തും
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി വയനാട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇന്ന് സന്ദർശനം നടത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി വയനാട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്.വയനാട് ചൂരല്‍മല- മുണ്ടക്കൈ ദുരന്തമേഖലയിൽ പുനരധിവാസത്തിന് പ്രത്യേക പാക്കേജും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതിയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു.കുട്ടികളുടെ വിദ്യാഭ്യാസത്തിനായും പ്രത്യേക പദ്ധതി പരിഗണനയിലുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. താത്കാലികമായി പഠനസൗകര്യം ഒരുക്കുകയോ അല്ലെങ്കില്‍ അടുത്തുള്ള സ്കൂളുകളില്‍ കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കുകയോ ചെയ്യാനും തീരുമാനമുണ്ട്.
ഇന്ന് വിദ്യാഭ്യാസമന്ത്രി സ്ഥലം സന്ദര്‍ശിച്ചശേഷമാകും എങ്ങനെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. കുട്ടികളെ എത്രയും പെട്ടെന്ന് സ്കൂളിലെത്തിക്കുന്നത് അവരുടെ മാനസികാരോഗ്യത്തിനും പ്രധാനമാണ്.ജിവിഎച്ച്എസ്എസ് വെള്ളാർമല, ജിഎൽപിഎസ് മുണ്ടക്കൈ എന്നീ സ്കൂളുകൾക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്കൂളുകളെ എത്രയും പെട്ടെന്ന് പുനരുദ്ധരിക്കുകയാണ് അടിയന്തര ലക്ഷ്യം. വെള്ളാർമല സ്കൂളിനെ മാതൃകാസ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമിക്കും.