കള്ളക്കടൽ; ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
ഇന്നു പുലർച്ചെ മുതൽ നാളെ രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ മൂലം കടലാക്രമണ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഇന്നു പുലർച്ചെ മുതൽ നാളെ രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്തിനൊപ്പം തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നൽകുന്നു.അര മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. കടൽത്തീരത്ത് രാത്രി കിടന്നുറങ്ങരുത്.മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കാം.മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.