ശബരിമല മകരവിളക്ക് നാളെ ,ഒരുക്കങ്ങൾ പൂർണ്ണം
19 വരെ മാത്രമേ തീർഥാടകർക്ക് ശബരിമലയിൽ ദർശനം ഉണ്ടാകൂ
ശബരിമല: മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. രാവിലെ 8.55ന് മകരസംക്രമ പൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും കൊണ്ടുവരുന്ന നെയ്യുപയോഗിച്ച് അഭിഷേകം ചെയ്യും.
മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ചു. പന്തളം രാജപ്രതിനിധി ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പൂർത്തീകരിച്ച് ഘോഷയാത്ര ആരംഭിച്ചത്.
ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണപേടകങ്ങൾ ശിരസിലേറ്റുന്നത്. ഘോഷയാത്രയ്ക്കു മുന്നോടിയായി തിരുവാഭരണങ്ങൾ ഇന്നലെ രാവിലെ മുതൽ ആയിരകണക്കിനാളുകൾ ദർശിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ്. നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വലിയ തന്പുരാനിൽനിന്ന് ഉടവാൾ സ്വീകരിച്ച രാജപ്രതിനിധി പല്ലക്കിലാണ് യാത്രയെ അനുഗമിച്ചത്. എംസി റോഡുവഴി കുളനടയിലെത്തി പരന്പരാഗത പാതയിലൂടെയുള്ള യാത്രയിൽ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും സായുധ പോലീസും യാത്രയെ അനുഗമിക്കുന്നുണ്ട്. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നവെ രാത്രി 9.30ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിച്ചശേഷം പുലർച്ചെ യാത്ര തുടർന്നു.
ഇന്നു രാത്രി വിശ്രമം ളാഹയിലാണ്. മകരവിളക്ക് ദിവസമായ നാളെ പുലർച്ചെ ളാഹയില്‍ നിന്നും പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും, പാണ്ടിത്താവളം, ചെറിയാനവട്ടം നീലിമല അപ്പാച്ചിമേട് വഴി വൈകുന്നേരം നാലിനാണ് ശബരിപീഠത്തിലെത്തുക. 5.30ന് ശരംകുത്തിയിൽ സ്വീകരണം. പതിനെട്ടാംപടി കയറി 6.15ന് കൊടിമരച്ചുവട്ടില്‍ സ്വീകരിക്കും.
തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും. പിന്നീട് മഹാദീപാരാധനയ്ക്കായി നട തുറക്കും. ഇതേ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും, തുടര്‍ന്ന് ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ടാവും. 20 നാണ് നട അടയ്ക്കുന്നത്.
വൈദ്യുതിവിതരണം സുഗമമാക്കും
മകരവിളക്ക് ദിനങ്ങളിൽ തടസമില്ലാത്ത വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. മു൯വ൪ഷങ്ങളിൽ പ്രകാശക്രമീകരണം ഏ൪പ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി തടസം നേരിട്ടാൽ ദേവസ്വം ബോ൪ഡിന്റെ ബാക്ക്അപ് സംവിധാനം ഉപയോഗപ്പെടുത്താനും നിർദേശിച്ചു.
കുടിവെളള ലഭ്യത ജല അഥോറിറ്റിയും ഉറപ്പാക്കിയിട്ടുണ്ട്. സ്ട്രെച്ചറുകൾ, ആംബുലൻസ്, ഡോക്ട൪മാരുടെ സേവനം എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി റവന്യു, പോലീസ്, ഫയ൪ ഫോഴ്സ്, ആരോഗ്യം,
കെഎസ്ഇബി, ജല അഥോറിറ്റി, ദേവസ്വം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഏകോപനം ഉറപ്പാക്കും. ഇന്ന് വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റിംഗും നടത്തും.
പർണശാലകൾ കെട്ടി കാത്തിരിപ്പ്
നാളെ വൈകുന്നേരം പൊന്നന്പലമേട്ടിൽ തെളിയുന്ന മകരജവിളക്കിന്റെ പുണ്യം നേടാനായി നൂറുകണക്കിന് അയ്യപ്പഭക്തരാണ് പർണശാലകൾ കെട്ടി ശബരിമലയിൽ കാത്തിരിക്കുന്നത്. മകരജവിളക്ക് ദർശനം സാധ്യമായ ഇടങ്ങളിൽ നേരത്തേതന്നെ ഇവർ സ്ഥലം പിടിച്ചിരിക്കുകയാണ്.
ശബരിമല ദർശനത്തിനുശേഷം മല ഇറങ്ങാതെ കാത്തിരിക്കുന്ന അയ്യപ്പഭക്തർ വനമേഖലയിൽ പർണശാലകൾ നിർമിച്ചു കാത്തിരിക്കുകയാണ്.
മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പോലീസ് സ്പെഷൽ ഓഫീസ൪ വി. അജിത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേ൪ന്നു. മകരവിളക്കിനു മുന്നോടിയായി ക൪ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏ൪പ്പെടുത്തുന്നത്. ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സ്പെഷൽ ഓഫീസ൪ നി൪ദേശം നൽകി.
മകരവിളക്ക് ദ൪ശിക്കാനായുള്ള വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂ൪ത്തീകരിച്ചിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളിൽ കയറി നിൽക്കാ൯ അനുവദിക്കില്ല. ഇതിനായി പട്രോളിംഗ് ശക്തമാക്കും. അടുപ്പ് കൂട്ടി പാചകം ചെയ്യുന്നതിനും ക൪ശന നിയന്ത്രണമേ൪പ്പെടുത്തി.
പാചകം ചെയ്യാൻ വലിയ പാത്രങ്ങൾ കൊണ്ടുവരുന്നത് അനുവദിക്കില്ല. മകരവിളക്ക് ദ൪ശനത്തിനായി കാത്തുനിൽക്കുന്നവ൪ക്ക് വിതരണം ചെയ്യാൻ ആറു ചുക്കുവെള്ള കൗണ്ടറുകൾ സജ്ജമാണ്. ഈ കൗണ്ടറുകളിൽ വിതരണം ചെയ്യുന്നതിനാവശ്യമായ ബിസ്കറ്റുകളും എത്തിച്ചു. പാണ്ടിത്താവളത്തിൽ അന്നദാന വിതരണത്തിനുള്ള സജ്ജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്.
ചൊവ്വ വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും. സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരവിളിക്ക് തെളിക്കും.
19 വരെ മാത്രമേ തീർഥാടകർക്ക് ശബരിമലയിൽ ദർശനം ഉണ്ടാകൂ. 20ന് നട അടയ്ക്കുന്നതോടെ മകരവിളക്ക് തീർഥാടനത്തിന് സമാപനമാകും.